യു.പിയിൽ പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ പ്രതി ചേർത്തവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ട്. കാൺപൂരിലും സഹാരൻപൂരിലുമാണ് സംഭവം നടന്നത്. അനധികൃത നിർമ്മാണമെന്ന് ആരോപിച്ചാണ് കാൺപൂർ വികസന അതോറിറ്റി കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്. വലിയ പൊലീസ് സന്നാഹവുമായാണ് മുനിസിപ്പൽ അധികൃതർ എത്തിയത്. അറസ്റ്റിലായ പ്രതികളുടെ വീടിന്റെ ചില ഭാഗങ്ങളാണ് തകർത്തത്. സഹാരൻപുർ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ബുൾഡോസറുമായി എത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പങ്കുവെച്ചിട്ടുണ്ട്. അറസ്റ്റിലായ മുസമ്മിൽ, അബ്ദുൾ വഖീർ എന്നിവരുടെ വീടുകളിലേക്കാണ് അധികൃതർ എത്തിയത്.













