• Home
  • kerala
  • പി.സി.ജോർജ് ഇന്ന് ജയിലിൽ കിടക്കേണ്ടിവരും: ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പി.സി.ജോർജ് ഇന്ന് ജയിലിൽ കിടക്കേണ്ടിവരും: ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

പി.സി. ജോർജിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45-ന് ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി. ഹർജി പരിഗണിക്കുന്നത് മാറ്റിയതോടെ പിസി ജോർജ് ഇന്ന് പൂജപ്പുര ജയിലിൽ കഴിയേണ്ടി വരും.

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹർജിയും വെണ്ണല വിദ്വേഷ പ്രസംഗ കേസും ഒരുമിച്ചായിരിക്കും നാളെ കോടതി പരിഗണിക്കുക.

ജാമ്യം റദ്ദാക്കിയ നടപടിയെ പി.സി ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ ചോദ്യംചെയ്തു. പി.സി ജോർജിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും ഇത് തെറ്റായ നടപടിയാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

തിരുവനന്തപുരത്ത് പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിശദീകരണം നൽകണമെങ്കിൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും ഇതിന് സമയം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

നിലവിൽ പി.സി ജോർജ് റിമാൻഡിലാണെന്നും കസ്റ്റഡിയിൽ വെച്ചുകൊണ്ട് എന്തു തെളിവാണ് പുതുതായി ശേഖരിക്കാനുള്ളതെന്നും കോടതി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

പി.സി ജോർജിനെ ഇന്നലെ എറണാകുളത്തുവച്ച് തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റു രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

തുടർന്ന് വഞ്ചിയൂർ കോടതി ജോർജിനെ റിമാൻന്റ് ചെയ്തു. ഇതിനിടെ, മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രിതന്നെ പി.സി.ജോർജ് ഹൈക്കോടതിയെ സമീപിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇന്നലെ രാത്രി ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർജി ഇന്ന്
പരിഗണിക്കാൻ മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *