വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത പിസി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പുറത്തുനിന്നാൽ പ്രതി കുറ്റം ആവർത്തിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്.
ജോർജിനെ പൂജപ്പുര ജില്ലാ ജയിലിൽ എത്തിച്ചു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം മേയ് 30ന് കോടതി പരിഗണിക്കും.
കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ ദിവസമാണ് ജോർജിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയത്. തൊട്ടുപിന്നാലെ കൊച്ചിയിലെത്തി പോലീസ് സംഘം ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്കും എത്തിക്കുകയായിരുന്നു.
ആദ്യം നന്ദാവനം എ.ആർ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. തുടർന്ന് ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയിരുന്നു.
പത്ത് മണിയോടെ പി.സിയെയും കൊണ്ട് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വാഹനം രണ്ടര മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്തെത്തിയത്. പലടിയടങ്ങളിലും ബിജെപി പ്രവർത്തകർ അഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു.














