• Home
  • kerala
  • കേസ് അവസാനിപ്പിക്കാൻ സർക്കാർ സമ്മർദ്ദമെന്ന് അക്രമിക്കപ്പെട്ട നടി : ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ ഹർജി നൽകി

കേസ് അവസാനിപ്പിക്കാൻ സർക്കാർ സമ്മർദ്ദമെന്ന് അക്രമിക്കപ്പെട്ട നടി : ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ ഹർജി നൽകി

നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയത്.

കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്.ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം.കേസന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹ‍ർ‍ജിയിൽ ആരോപിക്കുന്നു.

സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് തിരക്കിട്ട് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളും പുറത്തുവന്നു. ഈ പശ്ചാത്തലത്തിൽ കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം.

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കാനിരിക്കെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തുകൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്.കേസിൽ ശരത്തിനെ 15ആം പ്രതിയാക്കിയാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാ‌ഞ്ച് റിപ്പോർട്ടിൽ പറയുന്നു.

ഐപിസി 201ആം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കലാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ പ്രതി ചേർത്തത്. കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>