• Home
  • kerala
  • വധഗൂഢാലോചന കേസ് : നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി

വധഗൂഢാലോചന കേസ് : നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് സമ്മതിച്ച ബിഷപ്പ് എന്നാൽ ജാമ്യം ലഭിക്കാൻ താൻ ഇടപെട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

കോട്ടയത്തുവെച്ചായിരുന്നു ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴിയെടുപ്പ്. ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്.

നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്ന് സംവിധായാകൻ ബാലചന്ദ്ര കുമാർ മൊഴി നൽകിയിരുന്നു.

പണം വേണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര രൂപതയിലെ ഒരു വൈദികനായ വിക്ടറും ബാലചന്ദ്രകുമാറും ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. വൈദികനായ വിക്ടറും ബാലചന്ദ്രകുമാറും ഒരുമിച്ച് വീട്ടിൽ വന്നു കണ്ടു. പണം നൽകാതെ വന്നതോടെ ശത്രുതയായെന്നുമായിരുന്നു ദിലീപിന്റെ സത്യവാങ്മൂലം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫാ. വിക്ടറിന്റെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വധ ഗൂഢാലോചന കേസിൽ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്.

ദിലീപിന്റെ ഫോണിൽ നിന്ന് വൈദികന്റെ അക്കൗണ്ടിലേക്ക് പണം എത്തിയ രേഖ ലഭിച്ചതിന് ശേഷമാണ് വൈദികനെ വിളിപ്പിച്ചത്. ബാലചന്ദ്ര കുമാറിനോടൊപ്പം ദിലീപിന്റെ വീട്ടിൽ പോയതായി ഫാ.വിക്ടർ മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *