• Home
  • kerala
  • പോലീസുകാർ മരിച്ചത് വൈദ്യുതി കെണിയിൽ പെട്ട് തന്നെ : മൃതദേഹം കൈവണ്ടിയിൽ വയലിൽ എത്തിച്ചു… ഒരാൾ അറസ്റ്റിൽ

പോലീസുകാർ മരിച്ചത് വൈദ്യുതി കെണിയിൽ പെട്ട് തന്നെ : മൃതദേഹം കൈവണ്ടിയിൽ വയലിൽ എത്തിച്ചു… ഒരാൾ അറസ്റ്റിൽ

പാലക്കാട് മുട്ടിക്കുളങ്ങ പോലീസ് ക്യാമ്പിലെ രണ്ട് പോലീസുകാരുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. ഇന്നലെ കസ്റ്റഡിയിൽ എടുത്തവരിൽ ഒരാളാണ് സുരേഷ്.

പോലീസ് ക്യാമ്പിന് സമീപമാണ് ഇയാളുടെ താമസം. കാട്ടുപന്നിയെ പിടിക്കാൻ വീട്ടിൽ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നാണ് പോലീസുകാർ ഷോക്കേറ്റ് മരിച്ചതെന്ന് ഇയാൾ സമ്മതിച്ചതായി പാലക്കാട്‌ എസ്.പി ആർ വിശ്വനാഥ് അറിയിച്ചു.വീടിന്റെ മതിലിനോട് ചേർന്ന് സ്ഥാപിച്ച കെണിയിൽ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷൻ നൽകിയ ശേഷം ഇയാൾ ഉറങ്ങാൻ പോയി. ഇടയ്ക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പോലീസുകാർ ഷോക്കേറ്റ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് രണ്ട് മൃതദേഹവും കൈവണ്ടിയിൽ കയറ്റി വയലിൽ കൊണ്ടിടുകയായിരുന്നുവെന്നും എസ്.പി പറഞ്ഞു. പോലീസുകാരുടെ കൈവശം ഉണ്ടായിരുന്ന സാധനങ്ങളും മൃതദേഹത്തിനരികിൽ ഉപേക്ഷിച്ചു.

കാട്ടുപന്നിയെ വൈദ്യുതി കെണി വെച്ച് പിടിച്ചതിന് ഇയാൾക്കെതിരെ വനം വകുപ്പിന്റെ കേസുകളുണ്ട്.


ബോധപൂർവമായ നരഹത്യ തെളിവ് നശിപ്പിക്കൽ, തുടങ്ങിയ കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാവിലെ 9 മണിയോടെയാണ് ഹാവിൽദാർമാരായ അശോക് കുമാർ (35) മോഹൻദാസ് (36) എന്നിവരെ പോലീസ് ക്യാമ്പിന്റെ അടുത്തുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി മുതൽ കാണാതായ ഇവരെ രാത്രി തേടിയെങ്കിലും കണ്ടെത്താനായില്ല.

പോലീസ് ക്യാമ്പിന്റെ പിറകിലെ ചുറ്റുമതിലിന് പുറത്ത് 200 മീറ്ററോളം അകലെയാണ് മൃതദേഹം കിടന്നിരുന്ന വയൽ. മൃതദേഹങ്ങൾ തമ്മിൽ 60 മീറ്ററോളം ദൂരമുണ്ടായിരുന്നു. പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധം വരമ്പിനോട് ചേർന്നായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *