പാലക്കാട് മട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകാരെ ക്യാമ്പിനടുത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. ഇന്ന് വൈകിട്ടോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതക്കെണി വെക്കാറുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു. രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച രണ്ട് പേരുടെയും ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി നേരത്തെ അറിയിച്ചിരുന്നു. മീൻ പിടിക്കാൻ പോയ ഇവർക്ക് ഷോക്കേറ്റതായിരിക്കാം എന്നായിരുന്നു പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്ത് വൈദ്യുത ലൈനോ വൈദ്യുത വേലിയോ ഒന്നും ഉണ്ടായിരുന്നില്ല എന്നത് പോലീസിന് പല സംശയങ്ങൾക്കും ഇടവരുത്തിയിരുന്നു. മരണ ശേഷം മൃതദേഹം വയലിൽ കൊണ്ടിട്ടതാണോ എന്ന സാധ്യതയും പരിശോധിച്ചിരുന്നു.














