• Home
  • kerala
  • മഹിന്ദ മാറി റനിൽ വരുമ്പോൾ വെല്ലുവിളികളേറെ..

മഹിന്ദ മാറി റനിൽ വരുമ്പോൾ വെല്ലുവിളികളേറെ..

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ആറാം തവണ പ്രധാന മന്ത്രിയായി അധികാരമേൽക്കുമ്പോൾ റനിൽ വിക്രമ സിംഗെയുടെ മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. ആദ്യമായി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം പരിഹരിച്ച അനുഭവ സമ്പത്ത് ഗുണമാകും വിക്രമ സിംഗെയ്ക്ക്. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കും പ്രക്ഷോഭങ്ങൾക്കും ഏത് രീതിയിൽ പരിഹാരം കാണും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) റനിലിനെ പിന്തുണച്ചു. സ്ഥാനമേറ്റ റനിലിനെ മഹിന്ദ രാജപക്സെ ട്വിറ്റാറിലൂടെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

അഭിഭാഷകവൃത്തിയിൽ നിന്നാണ് റനിൽ വിക്രമസിംഗെ രാഷ്ട്രീയത്തിലേക്കെത്തിയത്.പ്രധാനമന്ത്രി പദത്തിൽ ഒരിക്കലും കാലാവധി തികച്ചിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.

1949ൽ സ്വതന്ത്ര ശ്രീലങ്കയിൽ ജനിച്ച റനിൽ, വിദ്യാഭ്യാസ കാലത്ത് യുനൈറ്റഡ് നാഷനൽ പാർട്ടിയുടെ യുവജന സംഘടനയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1977ൽ ഇരുപത്തിയെട്ടാം വയസ്സിൽ ശ്രീലങ്കയുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. ജയവർധന പ്രസിഡന്റായിരുന്ന കാലത്ത് വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത ഉപമന്ത്രിയായി. കൂടാതെ വിദ്യാഭ്യാസ, യുവജനകാര്യ-തൊഴിൽ വകുപ്പുകളുടെ ചുമതലയും വഹിച്ചു.

രാജ്യം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്കാരങ്ങൾ കൊണ്ടുവരുകയും ഇംഗ്ലീഷ്, സാങ്കേതികവിദ്യ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവക്ക് പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു.

1993-94 കാലത്ത് റണസിംഗെ പ്രേമദാസ വധിക്കപ്പെട്ടപ്പോഴാണ് ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര യുദ്ധത്താൽ തകർന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനർനിർമിക്കുക എന്നതായിരുന്നു പ്രധാനമന്ത്രി എന്ന നിലയിൽ വിക്രമസിംഗെയുടെ പ്രധാന പരിഗണന. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനായി. ഇതിന്റെ ഭാഗമായി ശ്രീലങ്കയുടെ പുനർനിർമാണത്തിനും വികസനത്തിനും വിദേശ രാജ്യങ്ങളിൽനിന്ന് 450 കോടി ഡോളർ ലഭിച്ചു.

ഇതോടൊപ്പം തന്നെ രാജ്യത്തെ വംശീയ സംഘർഷം നേരിടുന്നതിനും ശ്രമം തുടർന്നു. എൽ.ടി.ടി.ഇയുമായി ചർച്ച ആരംഭിച്ചു. 2002 ഫെബ്രുവരി 22ന് വിമതരുമായി വെടിനിർത്തൽ കരാർ ഒപ്പിടാൻ വിക്രമസിംഗെക്കായി. ഈ കരാർ പ്രകാരം, ശത്രുത അവസാനിപ്പിക്കാൻ ഇരു കക്ഷികളും സമ്മതിച്ചു. പിന്നീട് പലതവണകളായി ലങ്കയുടെ ഭരണം ഈ എഴുപത്തിമൂന്നുകാരൻ കൈയാളി.

അയൽരാജ്യമായ ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കുന്നയാളാണ് റനിൽ വിക്രമസിംഗെ. തമിഴ് പ്രശ്നം രൂക്ഷമായിരുന്ന കാലത്ത് സമാധാന ചർച്ചകൾക്ക് നേതൃത്വം കൊടുത്തിരുന്നു എന്നതും ഇന്ത്യയുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. 1994ൽ കെലാനിയ സർവകലാശാലയിലെ ഇംഗ്ലീഷ് പ്രഫസറായ മൈത്രിയെ വിവാഹം കഴിച്ചു. മൈത്രി അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന പ്രഭാഷകയും സ്ത്രീപക്ഷ എഴുത്തുകാരിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *