• Home
  • latest news
  • ഇന്ത്യന്‍ ജനാധിപത്യം കേള്‍ക്കാന്‍ കൊതിച്ച വിധി

ഇന്ത്യന്‍ ജനാധിപത്യം കേള്‍ക്കാന്‍ കൊതിച്ച വിധി

152 വര്‍ഷം പഴക്കമുള്ള ഒരു കരിനിയമത്തിന് ഫലത്തില്‍ അന്ത്യം കുറിച്ചിരിക്കയാണ് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124-എ വകുപ്പ് താല്‍ക്കാലികമായി മരവിപ്പിച്ച ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ നടപടി സ്വതന്ത്ര ഇന്ത്യയിലെ നീതിന്യായ സംവിധാന ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമായി മാറിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ത്യന്‍ ജനാധിപത്യം കേള്‍ക്കാനാഗ്രഹിച്ച വിധിയായിരുന്നു അത്.

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ പോലും രാജ്യദ്രോഹമായി മുദ്രകുത്തി പൗരന്‍മാരെ ജയിലിലടയ്ക്കുന്ന കാടന്‍ നിയമത്തിനെതിരെ സുപ്രീംകോടതി പെഗാസസ് കേസിന്റെ വാദ്ം നടക്കുന്ന ഘട്ടത്തില്‍ തന്നെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

ജസ്റ്റിസ് സൂര്യകാന്ത്, ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് ഹിമ കോഹ്ലി

എന്നാല്‍ രാജ്യദ്രോഹ വകുപ്പ് നിലനിര്‍ത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതമാണ് ഈ കേസ് കഴിഞ്ഞയാഴ്ച വാദത്തിന് വന്നപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ മുന്നോട്ടു വെച്ചത്. ഇന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ ഈ വകുപ്പ് സ്റ്റേ ചെയ്യരുതെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തതോടെ ബി.ജെ.പി. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ വെളിവായി. എന്നാല്‍ സുപ്രീം കോടതി ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് 124-എ വകുപ്പ് ഇന്ി ഒരു ഉത്തരവുണ്ടാകുന്നതു വരെ അനിശ്ചിത കാലത്തേക്ക് സ്റ്റേ ചെയ്തത്.

പൗരാവകാശങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് ഇന്ന് ഊന്നിപ്പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു സംതുലനം ആവശ്യമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. 1870-ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമം ഇപ്പോള്‍ ഭരണകൂടം ദുരുപയോഗം ചെയ്യുകയാണെന്ന ഹര്‍ജിക്കാരന്റെ വാദത്തെ നേരത്തെ അറ്റോര്‍ണി ജനറല്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ചു തന്നെ ജസ്റ്റിസ് രമണ സമര്‍ഥിച്ചു. ഹനുമാന്‍ ചാലിസ ചൊല്ലിയവര്‍ക്കു നേരെ പോലും രാജ്യദ്രോഹ വകുപ്പ് പ്രകാരം കേസ് എടുത്ത കാര്യം അറ്റോര്‍ണി ജനറല്‍ സമ്മതിച്ചിരുന്നു. ഇത് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

നിയമം മരവിപ്പിക്കുക മാത്രമല്ല, ഇതു പ്രകാരമുള്ള ഒറ്റ കേസും എടുക്കാന്‍ പാടില്ലെന്ന് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല, ഈ വകുപ്പു പ്രകാരം ജയിലിലുള്ളവര്‍ക്ക് ജാമ്യാപേക്ഷ നല്‍കാനും കോടതി അനുമതി നല്‍കി. അവര്‍ക്കെല്ലാം ഇനി ജാമ്യം കിട്ടി ജയില്‍മോചിതരാവാന്‍ വഴി തെളിഞ്ഞിരിക്കുന്നു.

ഹര്‍ജി അവധിക്കു വെക്കുകയാണെങ്കില്‍, ഇതിനകം രാജ്യദ്രോഹക്കേസുകളില്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഉത്തരവുണ്ടാകണമെന്ന് ഹര്‍ജിക്കാരന്‍ പ്രത്യേകം അഭ്യര്‍ഥിച്ചിരുന്നു. ഇത് കോടതി പരിഗണിക്കുകയും സോളിസിറ്റര്‍ ജനറലിനോട് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *