തൃക്കാക്കരയില്‍ ഇടതുജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി ഡോക്ടര്‍ ജോ ജോസഫ് വന്നതില്‍ ഇടതു മുന്നണിയിലുള്ള വിവാദത്തെക്കാളും വലിയതാണ് അത് ഐക്യജനാധിപത്യമുന്നണിയില്‍ സൃഷ്ടിച്ചിട്ടുള്ള വാദ പ്രതിവാദങ്ങള്‍. രാഷ്ട്രീയക്കാരനെ സ്ഥാനാര്‍ഥിയാക്കാതെ പ്രൊഫഷണലുകളെ സ്വതന്ത്രവേഷം അണിയിച്ച് മല്‍സരിപ്പിക്കുന്ന സി.പി.എം. രീതിയെക്കുറിച്ചു മാത്രമാണ് ഇടതനുഭാവികള്‍ക്കിടയില്‍ പരാതി. എന്നാല്‍ അതില്‍പോലും വലിയ ആരോപണങ്ങള്‍ മുന്നോട്ടു പോയില്ല. കാരണം പഴയതു പോലല്ല ഇത്തവണ ജോ ജോസഫ് എന്ന പ്രൊഫഷണല്‍ മല്‍സരിക്കുന്നത് പാര്‍ടി ചിഹ്നത്തിലാണ് എന്നതു തന്നെ. ജോ ജോസഫ് സി.പി.എം. സ്വതന്ത്രനല്ല, സി.പി.എം. സ്ഥാനാര്‍ഥി തന്നെയാണ്. അതിനപ്പുറത്ത് അദ്ദേഹം സാമൂഹിക പ്രവര്‍ത്തനത്തിലും രാഷ്ട്രീയ ചര്‍ച്ചകളിലും ഇടപെട്ടു ജീവിക്കുന്ന പൊതു പ്രവര്‍ത്തന-രാഷ്ട്രീയ മനസ്സുള്ള പ്രൊഫഷണലാണ്.

കത്തോലിക്കാ സഭയുടെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫ് എന്നത് വളരെ ഗൗരവമുള്ള ആരോപണം ഉന്നയിച്ച് രംഗത്തു വന്നത് യു.ഡി.എഫ്.ആണ്. അല്ലെങ്കില്‍ കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് ഈ ആരോപണം ഉന്നയിക്കാനുള്ള പ്രധാന കാരണം അവരുടെ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവായിരുന്ന മുന്‍ എം.എല്‍.എ. കത്തോലിക്കാ സഭയുടെ രോഷത്തിനിരയായ വ്യക്തിയായതാണ്. പി.ടി.തോമസിനെ ഇടുക്കിയില്‍ ലോക്‌സഭയില്‍ പരാജയപ്പെടുത്താന്‍ കത്തോലിക്ക സഭ ഇറങ്ങി എന്നത് പരസ്യമായ രഹസ്യമാണ്. പരിസ്ഥിതി വിഷയത്തില്‍ സഭയും തോമസും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ തല കുനിക്കാതിരുന്നതിന് തോമസിന് നല്‍കേണ്ടി വന്ന വിലയായിരുന്നു ഇടുക്കിയിലെ തോല്‍വി. എന്നാല്‍ തോമസ് അതിന്റെ പേരില്‍ പിന്നീടും രാജിയാവുകയോ കത്തോലിക്കാ സഭാ നേതൃത്വത്തെ അരമനയില്‍ സന്ദര്‍ശിച്ച് കൈ ചുംബിക്കുകയോ ചെയ്‌തില്ല.

പി.ടിയുടെ സഹധര്‍മ്മിണി തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ അവര്‍ക്കെതിരെ കൂടി പി.ടി.യുടെ മേലുള്ള നീരസം സഭാ വിശ്വാസികളിലോ സഭാ വൃത്തങ്ങളിലോ ഉയര്‍ത്തപ്പെടണം എന്ന ചാണക്യതന്ത്രം ഇടതുമുന്നണിക്കുണ്ടായിരുന്നു. ക്രിസ്‌തീയനായ സ്ഥാനാര്‍ഥിക്കായി സി.പി.എം. ഒഴുക്കിയ വിയര്‍പ്പുകളുടെ കഥ ഇതിനകം വന്നുകഴിഞ്ഞതാണ്. അവസാന മണിക്കൂറുകളിലാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് നേരെ വാര്‍ത്താസമ്മേളനത്തിലേക്ക് ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി ഇറക്കിക്കൊണ്ടുവന്നത് എന്നതും വസ്‌തുതയാണ്.

കത്തോലിക്കാ സഭയുടെ നിഴല്‍സ്ഥാനാര്‍ഥിയാണ് ജോ ജോസഫ് എന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്തിയതിനു പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. പി.ടി.തോമസിനു ലഭിച്ചതുപോലുള്ള ഒരു ആദര്‍ശപ്രഭാവം ഭാര്യയ്‌ക്കും കിട്ടുന്നതിനും ഇത് സഹായിക്കും എന്നതായിരിക്കണം അത്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നതു പോലെ ആരോപണം തിരിച്ചടിയായിരിക്കുകയാണ് ഇപ്പോള്‍. സഭയെ വലിയ രീതിയില്‍ പരസ്യമായി വലിച്ചിഴച്ചപ്പോള്‍ പഴയ ഇടുക്കി സാഹചര്യമല്ലെങ്കില്‍ പോലും വീണ്ടും സഭ ഫലത്തില്‍ പി.ടി.കുടുംബത്തിനെതിരെ നിന്നിരിക്കയാണിപ്പോള്‍. പി.ടി.യോട് തൃക്കാക്കരയിലെ ജനത്തിനുള്ള ഇഷ്ടം വൈകാരികമായി മുതലെടുക്കാന്‍ കൂടി കോണ്‍ഗ്രസ് ിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് ഉമ തോമസ്. അതിന്റെ ഗുണഫലം ഉമയ്‌ക്ക് ലഭിക്കുന്നതിനു പകരം പി.ടിയുടെ നേരെയുണ്ടായിരുന്ന സഭാശത്രുതയുടെ ഉറങ്ങിക്കിടക്കുന്ന നിഴലുകള്‍ വീണ്ടും ഉണര്‍ത്താന്‍ കോണ്‍ഗ്രസ് തന്നെ വഴിയൊരുക്കുകയാണ്.

ഇത് തൃക്കാക്കരയില്‍ യു.ഡി.എഫിന് ഒരു ഗുണവും ചെയ്യില്ല എന്നു മാത്രമല്ല കേരളത്തിലെ കോണ്‍ഗ്രസ് കോട്ട ആദ്യമായി നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് നയിക്കുമോ എന്ന ആശങ്ക വോട്ടര്‍മാരില്‍ ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും.
കോണ്‍ഗ്രസ് അനാവശ്യവഴികളിലേക്കാണ് തൃക്കാക്കരയിലെ ഇലക്ഷന്‍ ചര്‍ച്ചകളെ നയിച്ചത് എന്നത് വ്യക്തമാണ്. ഇടതു സ്ഥാനാര്‍ഥി ക്രിസ്‌തീയ സഭയുടെ നിഴല്‍ സ്ഥാനാര്‍ഥിയാണ് എന്ന ആരോപണം ഉന്നയിക്കുമ്പോള്‍ അത് വെറുതെ ഉണര്‍ത്തിയത് പി.ടി.-സഭാ തര്‍ക്കത്തിന്റെ നിഴലുകളെയാണ്. ഇടതുമുന്നണി ഉദ്ദേശിച്ച ഇടത്തേക്ക് കോണ്‍ഗ്രസ് സൗജന്യമായി കാര്യങ്ങള്‍ എത്തിച്ചുകൊടുത്തു എന്നതാണ് സത്യം.

മതനേതൃത്വങ്ങളുടെ രാഷ്ട്രീയ ആനുകൂല്യങ്ങള്‍ മുന്‍കാലത്ത് ഏറ്റവും അധികം അനുഭവിച്ചിട്ടുളളത് കോണ്‍ഗ്രസും യു.ഡി.എഫും. ആണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥലചലനം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് യു.ഡി.എഫ്. നേതൃത്വത്തിന് അടുത്ത കാലത്തായി ആധിയും ആശങ്കയും വര്‍ധിപ്പിക്കുന്ന സംഗതിയാണ്. മുസ്ലിംലീഗിനോട് എന്നും ചേര്‍ന്നു നില്‍ക്കാറുള്ള സമസ്‌തയുടെ അടുത്ത കാലത്തെ തീരുമാനങ്ങള്‍, കേരള കോണ്‍ഗ്രസ് രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമായി മാറിയ രാഷ്ട്രീയ ചേരിമാറ്റം ഇവ ഉദാഹരണങ്ങളാണ്. ഇതു വഴി ശോഷിക്കാന്‍ പോകുന്നത് കോണ്‍ഗ്രസിന്റയും യു.ഡി.എഫിന്റെ വോട്ടു ബാങ്കാണ്. ഇത് വിഹ്വലതയോടെ തിരിച്ചറിയുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് സ്വാഭാവികമായും വെകിളിയെടുക്കുക സ്വാഭാവികം. എന്നാല്‍ ഇക്കാര്യത്തില്‍ മനസ്സിലുള്ളത് മുഴുവന്‍ ചാടിക്കയറി ആരോപിക്കുകയല്ല രാഷ്ട്രീയമായി പക്വതയും സന്തുലിതത്വവും ഉള്ള വിമര്‍ശനമാണ് നടത്തേണ്ടത് എന്ന് പാര്‍ടിയിലെ ആവേശസംഘക്കാര്‍ക്ക് അറിയാതെ പോയിരിക്കുന്നു. അതു കൊണ്ടാണ് ഇപ്പോള്‍ ഏറെ വഷളായി മുന്നോട്ടു പോയ ചര്‍ച്ചയെ തിരുത്താന്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ ഇറങ്ങേണ്ടിവന്നിരിക്കുന്നതും.

ആവേശപൂര്‍വ്വം തലങ്ങും വിലങ്ങും വിമര്‍ശിക്കുമ്പോള്‍ സ്വയം കുത്തിച്ചാകുന്നതു പോലുള്ള അനുഭവമായിരിക്കും പിറകെ വരികയെന്ന് ചെന്നിത്തലയ്‌ക്കും മററും അറിയാം. കാരണം അവര്‍ നേരത്തെ മതനേതൃത്വപ്രീണനത്തിന്റെ ആനുകൂല്യങ്ങള്‍ വേണ്ടുവോളം അനുഭവിച്ചവരാണല്ലോ. അതിനാല്‍ പ്രത്യാഘാതവും മുന്‍പില്‍ കാണാനാവും. സഭയെ പിണക്കി കോണ്‍ഗ്രസിന് ഒരു പാര്‍ടി എന്ന നിലയില്‍ പല മണ്ഡലങ്ങളിലും നിലനില്‍ക്കാനാവില്ല.

പിന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിലെ ചേരുവ സംബന്ധിച്ച് എപ്പോഴും ഉയരുന്ന വിവാദം-സി.പി.എം. പോലും സാമുദായിക,മത പരിഗണനകള്‍ വെച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന വാദം, അതില്‍ എന്തു പുതുമ. ഇടതു മുന്നണി അതൊക്കെ എന്നേ തുടങ്ങിയതാണ്. യു.ഡി.എഫ്. നടത്തിവരുന്നത് തങ്ങള്‍ മാറ്റി നിര്‍ത്തേണ്ടതുണ്ടോ എന്ന രാഷ്ട്രീയ പ്രായോഗിക വാദം, അത് വികസനവാദം പോലെ തന്നെ ആയി മാറിയിരിക്കുന്നു. വന്‍ വികസന പദ്ധതികള്‍ പണ്ട് കോണ്‍ഗ്രസ് കൊണ്ടുവന്നിടത്ത് ഇപ്പോളത് സി.പി.എം. മുഖ്യമന്ത്രി കൊണ്ടുവരുന്നു-അതിനെ കോണ്‍ഗ്രസ് എന്തിന് എതിര്‍ക്കണം എന്ന് ഇപ്പോള്‍ സി.പി.എം. ചോദിക്കുന്നതു പോലെ.














