• Home
  • kerala
  • ദിലീപിനെതിരെ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം

ദിലീപിനെതിരെ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക നീക്കവുമായി ക്രൈം ബ്രാഞ്ച്. തെളിവ് നശിപ്പിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ഇത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ച കോടതി നാളെ വൈകിട്ട് 3 മണിക്ക് ഹാജരാകാൻ സായ് ശങ്കറിന് നോട്ടീസ് നൽകി. വധഗൂഢാലോചനാ കേസിൽ ഏഴാം പ്രതിയാണ് കോഴിക്കോട് സ്വദേശി സായ് ശങ്ക‌ർ. എപ്രിൽ എട്ടിന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതി നടൻ ദിലീപിന്റെ നി‌ർദ്ദേശപ്രകാരം രണ്ട് ഐ ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നീക്കി തെളിവ് നശിപ്പിക്കാൻ ഇയാൾ കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുട‌ർന്നാണ് സായ് ശങ്കറിനെ പ്രതി ചേർത്തത്.

കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി,ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിൽ സാമൂഹ്യപ്രവർത്തകനായ തൃശൂർ സ്വദേശി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് ഹോട്ടലിൽ മുറിയെടുത്ത് ദിലീപിന്റെ സാന്നിദ്ധ്യത്തിൽ സായ് നീക്കിയത്.

അന്വേഷണ സംഘത്തിന്റെ കൈയിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിൽ നിന്നും സായ് ശങ്കർ എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് നൽകിയതായാണ് റിപ്പോർട്ട്.മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *