• Home
  • kerala
  • ജഡ്ജി ഹണി എം. വർഗീസിന് സിപിഎം ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു

ജഡ്ജി ഹണി എം. വർഗീസിന് സിപിഎം ബന്ധമുണ്ടെന്ന ഹൈക്കോടതി പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു

കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലക്കേസ് പ്രതികളുടെ പാർട്ടിയുമായി ജഡ്ജി ഹണി എം. വർഗീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജഡ്ജി ഹണി എം. വർഗീസ് നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ വിനീത് ശരൺ, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സ്റ്റേ ചെയ്തത്.

പ്രതികളുടെ ജാമ്യാപേക്ഷ ജഡ്ജി ഹണി എം. വർഗീസ് പരിഗണിക്കുന്നതിനെതിരെയാണ് ദീപുവിന്റെ പിതാവ് കുഞ്ഞാരു ഹൈക്കോടതിയെ സമീപിച്ചത്. ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് ജഡ്ജിക്ക് സിപിഎം ബന്ധമുണ്ടെന്ന് വ്യക്തമാണെന്നും അതിനാൽ ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ തനിക്ക് നീതിപൂർണ്ണമായ നിലപാട് ജഡ്ജി ഹണി എം. വർഗീസിൽ നിന്ന് ലഭിക്കില്ലെന്നുമായിരുന്നു കുഞ്ഞാരു ഹൈക്കോടതിയിൽ ആരോപിച്ചിരുന്നത്.

ഇതേ തുടർന്ന് സിപിഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ കോടതിയിലേക്ക് മാറ്റിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഈ വിധിയിലായിരുന്നു ജഡ്ജിക്ക്‌ സിപിഎം ബന്ധമുണ്ടെന്ന പരാമർശം. ആരോപണം ഹൈക്കോടതി ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ ആരോപിക്കപ്പെട്ട ഫേസ്ബുക്ക്‌ പോസ്റ്റുകൾ ഹാജരാക്കപ്പെട്ടിരുന്നില്ലെന്ന് ജഡ്ജി ഹണി എം. വർഗീസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷക ലിസ് മാത്യുവും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ബന്ധത്തെ പറ്റിയുള്ള പരാമർശം തീർത്തും അനാവശ്യമായിരുന്നുവെന്നും ഇവർ വാദിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാർ, ദീപുവിന്റെ അച്ഛൻ കുഞ്ഞാരു, സിപിഎം പ്രവർത്തകരായ നാല് പ്രതികൾ എന്നിവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്ക് ശേഷം ഹണി എം. വർഗീസിന്റെ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജി കൂടിയാണ് ഹണി എം. വർഗീസ്.

Leave a Reply

Your email address will not be published. Required fields are marked *