മുസ്ലിംലീഗ് നയം മാറ്റിയാല്‍ മുന്നണിയിലേക്ക് വരാമെന്ന് ഇടതു മുന്നണി കണ്‍വീനറുടെ പ്രസ്‌താവനയില്‍ കാനം രാജേന്ദ്രന്‍ നടത്തിയ പതിവ് കൊത്തല്‍ മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വെറും വായ പോയ കോടാലി കൊണ്ടുള്ള കൊത്തല്‍ മാത്രമാണെന്ന് വിലയിരുത്താം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടതു മുന്നണിയിലേക്ക് വരുന്നത് നഖ ശിഖാന്തം എതിര്‍ത്ത സി.പി.ഐ. കാര്യം വന്നപ്പോള്‍ അവരുടെ എതിര്‍പ്പെല്ലാം എങ്ങോ പോയി. വെറുതെ മുന്നണിയില്‍ ഭിന്നിപ്പുണ്ടെന്നു വരുത്താന്‍ നടത്തിയ പരശ്ശതം പ്രസ്‌താവനകള്‍ മാത്രം ബാക്കി.
കെ.-റെയില്‍ വിഷയത്തില്‍ തങ്ങള്‍ വലിയ എതിര്‍പ്പിലാണെന്ന് തോന്നിച്ച ശേഷം പൂര്‍ണമായ പിന്തുണയുമായി സി.പി.ഐ. ഉണ്ട്. തങ്ങള്‍ എല്ലാറ്റിലും ഭിന്നരാണെന്ന് തോന്നിപ്പിക്കാന്‍ ആദ്യം വെറുതെ ചാടി എതിര്‍പ്പു പ്രതികരണവുമായി എത്തുന്നുവെന്നേയുള്ളൂ. പിന്നെ എല്ലാം വാലും മടക്കി പിന്തുണയ്‌ക്കുമെന്ന് സി.പി.എമ്മിന് നന്നായി അറിയാം. വെറുത എതിര്‍പ്പ് എതിര്‍പ്പ് എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് സ്റ്റോറി നല്‍കാന്‍ മാത്രം ഉപകരിക്കുന്ന എതിര്‍പ്പുകളാണ് സി.പി.ഐ.യുടെ ഭൂരിപക്ഷവും എന്നതാണ് അനുഭവം.
മുസ്ലിംലീഗിന്റെ കാര്യത്തിലും അനവസരത്തില്‍ ഉയര്‍ത്തുന്ന എതിര്‍പ്പ് സി.പി.ഐക്ക് വിഴുങ്ങേണ്ടിവരും എന്നുറപ്പാണ്. ഇ.പി.ജയരാജന്‍ പറഞ്ഞത് മുന്നണിയുടെ തീരുമാനമോ ധാരണയോ ഒന്നുമല്ലാതിരിക്കേ ജയരാജന്റെ പ്രസ്‌താവനയെ കാനം തള്ളേണ്ട കാര്യം തന്നെയില്ല. ഇടതു മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്‌തിട്ടില്ല എന്ന് കാനം പറയുമ്പോള്‍ ജയരാജന്‍ പറഞ്ഞതിനുള്ള മറുപടിയേ ആകുന്നുമില്ല. സി.പി.എം.തീരുമാനിച്ചാല്‍ ലീഗ് ഇടതു മുന്നണിയില്‍ വരും എന്നുറപ്പാണ്. സി.പി.ഐ. ഉറപ്പായും നേരത്തെ ഉണ്ടാകുന്നതു പോലെ വല്ല ന്യായവും പറഞ്ഞ് അനുകൂലിക്കേണ്ടിയും വരും. മുന്നണിയില്‍ ഭയങ്കര ഭിന്നതയുണ്ടെന്ന് വരുത്താന്‍ മാത്രമുതകുന്ന പ്രസ്‌താവനകള്‍ ചുരുക്കാന്‍ സി.പി.ഐ.ക്ക് കഴിഞ്ഞില്ലെങ്കില്‍ ഒടുവില്‍ അനുകൂലിക്കാന്‍ പുതിയ ന്യായങ്ങള്‍ തേടാന്‍ കാനം നിര്‍ബന്ധിതനാകും എന്നതാണവസ്ഥ.














