രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രി അവിശ്വാസത്തിലൂടെ പുറത്തായി-പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നാടകീയ നീക്കങ്ങളുടെ ഒടുവില്‍ പുറത്താക്കി. തനിക്കെതിരെ വോട്ടെടുപ്പ് നടക്കുന്ന സമയം ഇമ്രാന്‍ ഖാന്‍ സഭയില്‍ സന്നിഹിതനായിരുന്നില്ല. 342 അംഗ പാര്‍ലമെന്‌റിലെ 174 അംഗങ്ങള്‍ ഖാനെതിരായി വോട്ട് രേഖപ്പെടുത്തി. 172 വോട്ടാണു വേണ്ടിയിരുന്നത്. ഖാന്റെ ഒപ്പമുള്ള അംഗങ്ങള്‍ സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗികവസതി ഒഴിഞ്ഞു. വോട്ടെടുപ്പിനു തൊട്ടുമുൻപ് നാഷനൽ അസംബ്ലി സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചതിനെത്തുടർന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തിരഞ്ഞെടുത്തേക്കും. പ്രതിപക്ഷനേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകുമെന്നാണു ഇതുവരെയുള്ള ഊഹാപോഹങ്ങൾ.













