അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 13 വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്യുകയും അവരിൽ ചിലരെ ഗർഭിണികളാക്കുകയും ചെയ്തതിന് ഒരു ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ പ്രിൻസിപ്പലിനെ ഇന്തോനേഷ്യൻ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു ഹെറി വിരാവന്‍ എന്ന വ്യക്തിക്കാണ് ശിക്ഷ.
2016-21 കാലഘട്ടത്തില്‍ 11-നും 14-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പടിഞ്ഞാറന്‍ ജാവയിലെ സ്‌കൂളിലും ഹോട്ടലുകളിലും വാടക അപ്പാര്‍ട്ടുമെന്റുകളിലും വെച്ച് വിരാവന്‍ ബലാല്‍സംഗം ചെയ്‌തു എന്നാണ് കുറ്റം. ബലാല്‍സംഗത്തിന്റെ ഫലമായി ഒന്‍പത് പേര്‍ ഗര്‍ഭിണികളായി. ഇവരെല്ലാം പ്രസവിക്കകയും ചെയ്‌തു.
ഫെബ്രുവരിയിൽ ബന്ദൂങ് ജില്ലാ കോടതിയിൽ ഹെറി വിരാവനെ മൂന്നംഗ പാനൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. വധശിക്ഷയ്‌ക്കായി പ്രോസിക്യൂട്ടർമാർ നൽകിയ അപ്പീൽ കോടതി അംഗീകരിച്ചു. വീരാവന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും ഇരകൾക്കും അവരുടെ കുട്ടികൾക്കും പ്രയോജനം ചെയ്യുന്നതിനായി ലേലം ചെയ്യാനും ഹൈക്കോടതി വിധിച്ചു.
വിചാരണ വേളയിൽ വിരാവാൻ കുറ്റം സമ്മതിക്കുകയും ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുകയും ചെയ്തു.
ഇരകൾക്ക് ജനിച്ച ഒമ്പത് കുട്ടികളെ ചിൽഡ്രൻ ആന്റ് വുമൺ പ്രൊട്ടക്ഷൻ ഏജൻസിക്ക് കൈമാറണമെന്നും ജഡ്ജിമാർ വിധിച്ചു, “ഇരകൾ അവരുടെ കുട്ടികളെ പരിപാലിക്കാൻ മാനസികമായി തയ്യാറാകുന്നതുവരെ ഇവരെ സർക്കാർ സംരക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തന്റെ കക്ഷിയെ ഉപദേശിക്കുമെന്ന് വിരാവന്റെ അഭിഭാഷക ഇറ മാംബോ പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തിൽ ഒരു ഇരയുടെ മാതാപിതാക്കൾ അവരുടെ മകൾ അവധിക്ക് നാട്ടിലെത്തിയ ശേഷം പ്രസവിച്ചതായി കാണിച്ചു പോലീസിൽ പരാതി നൽകിയതോടെയാണ് അതിഭീകരമായ സംഭവവികാസങ്ങളുടെ ചുരുളഴിഞ്ഞത്. ഇതേത്തുടര്‍ന്നാണ് വിരാവന്‍ അറസ്റ്റിലായത്.
പീഡനത്തിനിരയായവർ ആരോടും പറയാനാവാത്തവിധം ഭയപ്പെട്ടിരുന്നതായി പോലീസ് പിന്നീട് പറഞ്ഞു.













