• Home
  • latest news
  • പാക്‌ പാര്‍ലമെന്റ്‌ ഏപ്രില്‍ മൂന്നു വരെ നിര്‍ത്തിവെച്ചു…ഇമ്രാനെതിരെ ഇന്ത്യ, ഇസ്രായേൽ ഗൂഢാലോചനയുണ്ടെന്ന്‌ പാക്‌ മന്ത്രി

പാക്‌ പാര്‍ലമെന്റ്‌ ഏപ്രില്‍ മൂന്നു വരെ നിര്‍ത്തിവെച്ചു…ഇമ്രാനെതിരെ ഇന്ത്യ, ഇസ്രായേൽ ഗൂഢാലോചനയുണ്ടെന്ന്‌ പാക്‌ മന്ത്രി

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പിനായി ഇന്ന്‌ പാകിസ്‌താന്‍ പാര്‍ലമെന്റ്‌ ചേര്‍ന്ന്‌ മിനിട്ടുകള്‍ക്കുള്ളില്‍ പാര്‍ലമെന്റ്‌ സമ്മേളനം ഏപ്രില്‍ മൂന്നു വരെ പിരിയുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന്‌ രാത്രി ഇമ്രാന്‍ഖാന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നുണ്ട്‌.

അതിനിടെ ഇമ്രാനെ താഴെയിറക്കാനുള്ള നീക്കത്തില്‍ ഇന്ത്യയും ഇസ്രയേലും ഒപ്പം നവാസ്‌ ഷെരീഫും തമ്മില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന്‌ പാക്‌ മന്ത്രി ഫവാദ്‌ ചൗധരി ആരോപിച്ച്‌ രംഗത്തു വന്നു.

ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരികെ ഇന്‍സാഫ്‌ പാര്‍ടിയുടെ സര്‍ക്കാരിന്‌ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്‌ പിന്തുണ പിന്‍വലിച്ച്‌ പ്രതിപക്ഷമായ പാകിസ്‌താന്‍ പീപ്പിള്‍ പാര്‍ടിയോടൊപ്പം ചേര്‍ന്നതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു . ഇതോടെ ഇമ്രാന്‍ ഖാന്‌ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഭൂരിപക്ഷമില്ലാതെയായി.

വൈകിട്ട്‌ 5.54നാണ്‌ സമ്മേളനം ആരംഭിച്ചത്‌. ആറ്‌ മണിക്ക്‌ സമ്മേളനം പിരിയുന്നതായി പ്രഖ്യാപിക്കപ്പെട്ടു. ഇമ്രാന്‍ ഖാന്‍ രാജിവെക്കില്ലെന്ന്‌ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അനൗദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ സമ്മേളനം ചേര്‍ന്നത്‌. ഇതിനിടയില്‍ പ്രതിപക്ഷവുമായി ധാരണയിലെത്താനും ഇമ്രാന്‍ഖാന്‍ ശ്രമിക്കുന്നുവെന്ന്‌ അഭ്യൂഹം പരന്നിരുന്നു. വോട്ടെടുപ്പ്‌ തടയണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിലും ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌.

പാര്‍ലമെന്റ്‌ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്‌ പലതരം അഭ്യൂഹങ്ങള്‍ക്കും ഇടയാക്കി. പ്രതിപക്ഷം യോഗം ബഹിഷ്‌കരിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി ഇമ്രാൻ ഖാനെ താഴെയിറക്കാൻ പുറത്തുനിന്നുള്ള ശ്രമം എങ്ങനെയെന്ന് തെളിയിക്കാനാണ് ദേശീയ സുരക്ഷാ സമിതിയുടെ (എൻഎസ്‌സി) യോഗം വിളിച്ചതെന്ന് പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. ഖാനെതിരെ ഗൂഢാലോചന നടന്നത് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീട്ടിൽ വെച്ചാണെന്ന് ചൗധരി ആരോപിച്ചു.

“ഇത് ദേശീയ പരമാധികാരത്തിനായുള്ള പോരാട്ടമാണ്. പ്രധാന മുഖങ്ങൾ ആരാണെന്നും ഇന്ത്യയുമായും ഇസ്രായേലുമായുള്ള അവരുടെ ബന്ധങ്ങളെക്കുറിച്ചും ഞങ്ങൾക്കറിയാം. നവാസ് ഷെരീഫിന്റെ ഇന്ത്യൻ, ഇസ്രായേൽ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച രഹസ്യമല്ല –ഫവാദ് ചൗധരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *