ഭാര്യയെ പരിഹസിച്ചതിന്റെ പേരില്‍ അവതാരകനെ സ്റ്റേജില്‍ വെച്ച് ചെകിട്ടത്തടിച്ച പ്രമുഖ നടന്‍ വില്‍ സ്‌മിത്തിന് അതേ വേദിയില്‍ വെച്ച് മികച്ച നടനുള്ള ഓസ്‌കാര്‍ പ്രഖ്യാപിച്ച നാടകീയതയക്ക് ഇന്ന് ഓസ്‌കാര്‍ പ്രഖ്യാപന വേദി സാക്ഷിയായി. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സ്‌മിത്ത് പൊട്ടിക്കരയുകയും മാപ്പപേക്ഷിക്കുകയും ചെയ്‌തു.
സ്‌മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് വലിയ ക്രിമിനല്‍കുറ്റമാണെങ്കിലും പരാതിപ്പെടില്ല എന്ന നിലപാടാണ് ഇപ്പോള്‍ ക്രിസ് എടുത്തിട്ടുള്ളതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്‌മിത്തിന്റെ ഭാര്യ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ജാഡ പിങ്കറ്റിന്റെ മുടി കൊഴിഞ്ഞു പോയ തലയെ പരാമര്‍ശിച്ച് തമാശ പറഞ്ഞതാണ് സ്‌മിത്തിനെ പ്രകോപിപ്പിച്ചത്.

കിങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍ സ്‌മിത്ത് മികച്ച നടനായപ്പോള്‍ ഭാര്യ ജാഡ പിങ്കറ്റിനും അവാര്‍ഡുണ്ടായിരുന്നു. ഏറ്റവും നാടകീയമായ രീതിയിലുള്ള വസ്‌ത്രധാരണത്തിനായിരുന്നു ജാഡയ്‌ക്ക് അവാര്‍ഡ്. അവര്‍ ധരിച്ച കടും പച്ച് ഗൗണ്‍ പുരസ്‌കാരത്തിന് അര്‍ഹമായി.

ജാഡ പിങ്കറ്റിന്റെ തലമുടി കൊഴിഞ്ഞത് അലോപേഷ്യ എന്ന രോഗത്താലായിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെയായിരുന്നു ക്രിസ് റോക്ക് തമാശ പൊട്ടിച്ചത്. 1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജാഡയെ കാണമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

പുരസ്‌കാരം വാങ്ങിക്കൊണ്ട് സ്‌മിത്ത് ഈ സംഭവത്തില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പു ചോദിച്ചു. തനിക്ക് ഓസ്‌കാര്‍ ലഭിച്ച സിനിമയിലെ റിച്ചാര്‍ഡ് വില്ല്യംസ് എന്ന കഥാപാത്രത്തെ എടുത്തുകാട്ടി ആ കഥാപാത്രവുമായി തന്നെത്തന്നെ ഉപമിച്ചാണ് സ്‌മിത്ത് സംസാരിച്ചത്. റിച്ചാര്‍ഡ് വില്ല്യംസ് ഏത് സാഹചര്യത്തിലും തന്റെ കുടുംബത്തെ സംരക്ഷിക്കുന്ന വ്യക്തിയായിരുന്നു. അക്കാദമിയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇതൊരു മനോഹരമായ നിമിഷമാണ്, ഞാന്‍ കരയുന്നത് പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം കാരണമല്ല. കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാര്‍ഡ് വില്ല്യംസിനെപ്പോലെ. ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടടപ്പെടുന്ന ഒരാളാണ് ഞാന്‍.- വില്യം സ്മിത്ത് പറഞ്ഞു.













