രണ്ടു വര്‍ഷം മുമ്പ് മെയ് മാസത്തില്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന സൈനിക സംഘട്ടനത്തിനു ശേഷം ആദ്യമായി ഒരു ചൈനീസ് ഭരണാധികാരി ഔദ്യോഗിക പ്രഖ്യാപനം ഒന്നുമില്ലാതെ ഡെല്‍ഹിയിലെത്തി. ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി ആണ് ഇന്നലെ വൈകീട്ട് തലസ്ഥാനത്ത് എത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഈ സന്ദര്‍ശനം പരസ്യമായി പ്രഖ്യാപിച്ചില്ല.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ഇന്ന് വാങ് യി കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും വാങ് യി കഴിഞ്ഞ ദിവസം കാശ്‌മീര്‍ സംബന്ധിച്ച് പ്രതികരണം ഇന്ത്യയെ ചൊടിപ്പിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്‌ച നടക്കാന്‍ പോകുന്നത്. ഇസ്ലാമാബാദിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) യോഗത്തിൽ കാശ്മീർ വിഷയത്തിൽ ചൈന നടത്തിയ പരാമർശം ഇന്ത്യ തള്ളിയതിന് തൊട്ടുപിന്നാലെയാണ് വാങ് യിയുടെ സന്ദർശനം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധികാരമില്ലെന്നു ഇന്ത്യ തിരിച്ചടിച്ചിരുന്നു.
ഉക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയും ചൈനയും സ്വീകരിച്ച റഷ്യന്‍ അനുകൂലമെന്ന് തോന്നാവുന്ന നിലപാട് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ആശയവിനിമയത്തിന് സാധ്യത കല്‍പിക്കപ്പെടുന്നു.













