പൊട്ടാന്‍ കാത്തിരിക്കുന്ന ബോംബ് പോലായി മാറിയിരിക്കയാണ് ശ്രീലങ്ക. ജനങ്ങള്‍ കൂട്ടമായി പലായനം തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്‌ച 16 ശ്രീലങ്കന്‍ പൗരന്‍മാരും ജാഫ്‌ന, മാന്നാര്‍ മേഖലകളിലെ തമിഴരും രണ്ട് സംഘമായി തമിഴ്‌നാട്ടിലേക്കെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ രണ്ടായിരത്തിലധികം അഭയാര്‍ഥികളെങ്കിലും എത്തുമെന്ന് തമിഴ്‌നാട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറയുന്നു.
ജനങ്ങളുടെ ഓര്‍മയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ ദ്വീപുരാജ്യം കടന്നു പോകുന്നത്. കുടുംബവാഴ്‌ചയുടെ ദുഷ്‌ഫലമായി രാജപക്‌സെക്കാര്‍ എടുത്ത തെറ്റായ പല ഭരണനടപടികളുടെയും ഭാഗമായി അവശ്യവസ്‌തുക്കള്‍ പോലും കിട്ടാത്ത അവസ്ഥയിലേക്ക് ശ്രീലങ്ക പതിച്ചിരിക്കയാണ്. പെട്രോളും ഡീസലും കിട്ടാന്‍ ആളുകള്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുകയും പലരും ക്യൂ നിന്ന് കുഴഞ്ഞുവീണ് മരിക്കുകയും ചെയ്യുന്നു. കറന്‍സി സ്വതന്ത്രമാക്കാന്‍ ഈ മാസം ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഫലമായി വന്‍ പണപ്പെരുപ്പവും വിലക്കയറ്റവുമാണ്. അവശ്യവസ്‌തുക്കളുടെ വില കുതിച്ചുയരുകയാണ്. ഭക്ഷണം, മരുന്ന്, ഇന്ധനം, പാല്‍പ്പൊടി പോലുള്ള അവശ്യസാധനങ്ങള്‍ ഇവയ്‌ക്ക് തീവിലയാണ്. അരിയുടെ വില 500 ശ്രീലങ്കന്‍ രൂപയാണ്( നാല് ശ്രീലങ്കന്‍ രൂപയ്‌ക്ക് സമം ഒരു ഇന്ത്യന്‍ രൂപ). 400 ഗ്രാം പാല്‍പ്പൊടി വില്‍ക്കുന്നത് 790 രൂപയ്‌ക്കാണ്. പഞ്ചസാരയുടെ വില 290 രൂപ കിലോയ്‌ക്ക്. ഇതാണ് അവസ്ഥ.
ദ്വീപ് രാഷ്ട്രത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സഹായിക്കുന്നതിന് സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ഇന്ത്യ നൽകിയ ഒരു ബില്യൺ യുഎസ് ഡോളർ വായ്പാ സൗകര്യം പ്രസിഡന്റ് ഗോതബയ രാജപക്‌സെ സർക്കാർ ദുരുപയോഗം ചെയ്തതായി ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്‌സ് (എസ്‌ജെബി ) ചൊവ്വാഴ്ച ആരോപിച്ചു. ഇന്ത്യൻ സഹായം ദുരുപയോഗം ചെയ്ത് 14,000 ഗ്രാമങ്ങളിൽ ഹോം ഷോപ്പുകൾ സ്ഥാപിക്കാൻ ഭരണ കക്ഷി ശ്രമിക്കുന്നുവെന്ന് പ്രധാന പ്രതിപക്ഷ പാർട്ടി നേതാവ് സജിത് പ്രേമദാസ പാർലമെന്റിൽ പറഞ്ഞു.
ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ വിനോദസഞ്ചാരത്തെയും വ്യാപാരത്തെയും വളരെയധികം ആശ്രയിച്ചിരിക്കുന്നു, കൊവിഡ് മഹാമാരി രാജ്യത്തെ വിനോദ സഞ്ചാര വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചു കളഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 14 ബില്യൺ ഡോളറിന്റെ നഷ്ടം സർക്കാർ കണക്കാക്കുന്നു. ഈ വർഷം 7 ബില്യൺ ഡോളറിന്റെ കടബാധ്യതയുണ്ട് . കുറഞ്ഞുവരുന്ന കരുതൽ ധനവും അടയ്‌ക്കേണ്ട ഭീമമായ കടങ്ങളും ഉള്ളതിനാൽ ശ്രീലങ്കയ്ക്ക് വിദേശ കറൻസിയുടെ ആവശ്യം വൻ തോതിൽ ഉണ്ട് . ചൈനീസ് വായ്പകൾ ഉപയോഗിച്ച് നിർമ്മിച്ച പദ്ധതികൾ കാര്യമായ വിദേശ കറൻസി നേടിത്തരുന്നില്ല. മൊത്തത്തിൽ ശ്രീലങ്കയുടെ വിദേശ കരുതൽ ശേഖരം ഗണ്യമായി ചുരുങ്ങുന്നതിലേക്കാണ് നയിച്ചത്.













