ഉക്രെയ്നിൽ ഒരു അമേരിക്കൻ പത്രപ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് വൈദ്യനെയും സാക്ഷികളെയും ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക്ക് ടൈംസ് ലേഖകനായ, ഡോക്യുമെന്ററി ക്യാമറമാനും ഫൊട്ടോഗ്രാഫറുമായ ന്യൂയോര്‍ക്ക് സ്വദേശി ബ്രെന്റ് റെനൗഡ് എന്ന 51 കാരനാണ് ഇർപെനിൽ വെടിയേറ്റ് മരിച്ചത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ആദ്യ വിദേശ മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം. മറ്റൊരു മാധ്യമപ്രവർത്തകന് പരിക്കേറ്റു. യുഎസ് ഫൊട്ടോഗ്രാഫർ യുവാൻ അറെഡോൺഡോ ആണ് പരിക്കേറ്റ ആൾ എന്ന് റിപ്പോർട്ട് ഉണ്ട്.
അതേസമയം ബ്രന്റ് ഉക്രെയിനിലെ യുദ്ധ റിപ്പോര്‍ട്ടിങിന് നിയോഗിക്കപ്പെട്ടിരുന്ന ആള്‍ അല്ലായിരുന്നെന്നും നേരത്തെ പത്രത്തിനു വേണ്ടി ജോലി ചെയ്‌തിരുന്നയാള്‍ ആണെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റർ ക്ലിഫ് ലെവി ട്വീറ്റ് ചെയ്‌തു. വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയിരുന്ന പ്രസ് ബാഡ്‌ജ് ആണ് ബ്രെന്റ് വെടിയേല്‍ക്കുന്ന സമയത്ത് ധരിച്ചിരുന്നത് എന്നും ക്ലിഫ് ലെവി പറയുന്നു.













