നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആക്രമണം നടന്ന ദിവസം നടി വീട്ടില്‍ നിന്ന് യാത്ര തിരിച്ച വാഹനം ഓടിച്ചയാളാണ് മാര്‍ട്ടിന്‍ ആന്റണി.
വധഗൂഢാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നതു വരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന സർക്കാർ വാദം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ജാമ്യം നൽകിയത്.
അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്നും മറ്റ് പല പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.വിചാരണ എപ്പോൾ പൂർത്തിയാകും എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ മാർട്ടിനും ജാമ്യം അനുവദിക്കുന്നുവെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.ജാമ്യത്തിന് കർശന ഉപാധികൾ വയ്ക്കണമെന്ന സർക്കാർ ആവശ്യവും കോടതി അംഗീകരിച്ചില്ല.ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.
. കേസില്‍ മാര്‍ട്ടിന് പങ്ക് ഉണ്ടായിരുന്നില്ലെങ്കില്‍ നടിക്കെതിരായ ആക്രമണം തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മാര്‍ട്ടിന് ജാമ്യം അനുവദിച്ചാല്‍ പള്‍സര്‍ സുനി ഉള്‍പ്പടെ കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാത്ത മറ്റ് പ്രതികളും കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി ശ്രമിക്കുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വധ ഗൂഢാലോചന കേസിന്റെ വിശദീകരണങ്ങളും അഭിഭാഷകൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. എന്നാൽ കേസിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി, മാര്‍ട്ടിന്റെ ജാമ്യാപേക്ഷയ്ക്ക് പുറത്തുള്ള വിഷയങ്ങളിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കി.













