നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഗോവയിലെ ആദ്മി സ്ഥാനാർഥികളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്ന് എക്സിറ്റ് പോളുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആം ആദ്മിയുടെ നീക്കം. ഗോവയിൽ 2017ലേത് പോലെ രാഷ്ട്രീയ നാടകങ്ങൾ അവസാന നിമിഷത്തിൽ അരങ്ങേറാതിരിക്കാനാണ് ആം ആദ്മിയുടെയും നീക്കം.
കോൺഗ്രസ് എം.എൽ.എ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം തന്നെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. റിസോർട്ട് രാഷ്ട്രീയത്തിൽ പേരുകേട്ട കർണാടക പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് ഗോവയിൽ കോൺഗ്രസിന്റെ നീക്കം.
ഗോവയിൽ ആകെയുള്ള 40 സീറ്റിൽ 21 സീറ്റാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. തുല്യ ശക്തികളുടെ പോരാട്ടമാണെങ്കിലും ചില പോളുകളിൽ കോൺഗ്രസിനു നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. തൂക്കുസഭ വന്നാൽ തൃണമൂലിനും ആം ആദ്മി പാർട്ടിക്കും ലഭിക്കുന്ന സീറ്റുകൾ നിർണായകമാകും.
ആം ആദ്മിയുടെ സ്ഥാനാർഥികൾ സംസ്ഥാനത്തെ രഹസ്യ കേന്ദ്രങ്ങളിൽ പാർട്ടിയുടെ നിരീക്ഷണത്തിലാണെന്ന് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു. എ.എ.പി ഇത് സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോൺഗ്രസിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും സ്ഥാനാർഥികളെ സുരക്ഷിത കേന്ദ്രങ്ങളിലാക്കിയിരിക്കുന്നത്.
2017ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.
സ്ഥാനാർഥികളെ തട്ടിയെടുക്കാതിരിക്കാനാണ് ഇവരെ രഹസ്യകേന്ദ്രത്തിലാക്കിയതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കൻ ഗോവയിലെ കടൽ തീരത്തുള്ള ഒരു റിസോർട്ടിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പാർപ്പിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.നാളത്തെ വോട്ടെണ്ണൽ അവസാനിച്ച് ഫലം പുറത്തുവരുന്നത് വരെ അവിടെ തുടരുമെന്നാണ് റിപ്പോർട്ട്.
അതേ സമയം ബലം പ്രയോഗിച്ച് ആരേയും പിടിച്ചുവെച്ചിട്ടില്ലെന്ന് ഗോവ കോൺഗ്രസ് ജനറൽ സെക്രട്ടറി സുനിൽ കൗത്തൻകാർ പ്രതികരിച്ചു. പിറന്നാൾ ആഘോഷത്തിനാണ് എല്ലാവരും ഒരുമിച്ചതെന്നുമുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്.













