• Home
  • kerala
  • ലീഗ് നേതൃത്വത്തിൽ പാണക്കാട് കീഴ് വഴക്കം തുടരുന്നു…സാദിഖ് അലിക്ക് ഊഴം

ലീഗ് നേതൃത്വത്തിൽ പാണക്കാട് കീഴ് വഴക്കം തുടരുന്നു…സാദിഖ് അലിക്ക് ഊഴം

മുസ്ലീം ലീഗിന്റെ നേതൃത്വം രാഷ്ട്രീയനേതൃത്വം എന്നതിലുപരി ആത്മീയമായ ഒരു നേതൃത്വമായി കൂടെയാണ് മുസ്ലീം ലീഗ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിലെ തങ്ങൾ തലമുറ ലീഗ് നേതൃത്വം കൈമാറി വരുന്നതും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണ ശേഷം മുസ്ലീം ലീഗിന്റെ അധ്യക്ഷ പദവിയിൽ ഈ കീഴ്വഴക്കം തുടരുകയാണ്.

മുസ്ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. അന്തരിച്ച പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സഹോദരനാണ് സാദിഖലി തങ്ങൾ. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്‍റേതാണ് തീരുമാനം.പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു.

മുൻഗാമികൾ തീർത്ത സുതാര്യമായ പാത മുൻപിൽ ഉണ്ടെന്നും ആ പാതയിലൂടെ പാർട്ടിയെ നയിക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. കൂടെയുള്ള എല്ലാവരും തുറന്നു സംസാരിക്കുന്നവരാണ് എന്നതാണ് ആത്മവിശ്വാസം നൽകുന്നത്. താൻ ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ തിരുത്താൻ നിരവധി നേതാക്കളുണ്ടായിരുന്നു. അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

അധികാര പദവിയിലെത്തുന്നവൻ എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നവനാണ്. ആ ഉത്തമ ബോധ്യമുണ്ട്. ഇത് പുതിയ കാലഘട്ടമാണ്. ലീഗും പുതിയ കാലഘട്ടത്തെ യാണ് അഭിമുഖീകരിക്കുന്നത്. പുതിയ തലമുറ, പുതിയ സമൂഹം ഇതോടൊപ്പം ലീഗിന്റെ പാരമ്പര്യവും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പിതാവ് പൂക്കോയ തങ്ങൾ, ജ്യേഷ്ഠ സഹോദരങ്ങളായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ഇരുന്ന കസേരയാണ് സാദിഖലി തങ്ങളെയും തേടിയെത്തിയിരിക്കുന്നത്.

ഹൈദരലി തങ്ങളെ പോലെ തന്നെ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് സാദിഖലി തങ്ങളും സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്. ഹൈദരലി തങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ആയിരിക്കെയാണ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്.

ജില്ലാ നേതൃത്വത്തിന് മുമ്പ് ഇരുവരും എസ് വൈ എസ് സംസ്ഥാന പദവിയും അലങ്കരിച്ചിരുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *