സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി അംഗീകരിച്ച സുപ്രീം കോടതി കിരണിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു.
ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്‌തത്. കേസിൽ കുറ്റപത്രം സമർപ്പിക്കുകയും കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന വാദം തള്ളിയാണ് കോടതി നിരീക്ഷണം.
കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
2021 ജൂൺ 21നാണ് നിലമേല്‍ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകൾ വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലെ ശുചിമുറിയില്‍ തൂങ്ങിയ വിസ്മയയെ ഭർതൃവീട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തിൽ ദുരൂഹത ഉയരുകയും പീഡനത്തിന്റെ നിരവധി തെളിവുകൾ പുറത്തുവരികയും ചെയ്തു.
അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഭർത്താവ് കിരൺ ആദ്യം ഒളിവിൽ പോയെങ്കിലും രാത്രിയോടെ പൊലീസിൽ കീഴടങ്ങയായിരുന്നു. ആദ്യം ഇയാളെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യുകയും പിന്നീട് സർക്കാർ പിരിച്ചുവിടുകയും ചെയ്തു.













