ഉക്രെയിനിലെ ഖർകിവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർകിവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ എസ്.ജി (22)യാണ് കൊല്ലപ്പെട്ടത്.
വിദ്യാർത്ഥി കൊല്ലപ്പെട്ട വിവരം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അവശ്യസാധനങ്ങൾ വാങ്ങാനായി ഉക്രെയിൻ നിഷ്കർഷിച്ച സമയത്ത് നവീൻ സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തിൽ ഗവർണർ ഹൌസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.
കൊല്ലപ്പെട്ട നവീൻ്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടാൻ ശ്രമിക്കുകയാണ്.
കീവ്,ഖർകിവ്, സുമി നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് അവിടെ തന്നെ തുടരാൻ ആണ് ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നത്. എന്നാൽ റഷ്യൻ സൈന്യത്തിൻ്റെ വൻ സൈനിക വ്യൂഹം കീവിലേക്ക് നീങ്ങുന്നു എന്ന വാർത്ത വന്നതോടെ കീവിലെ വിദ്യാർത്ഥികളോട് എത്രയും പെട്ടെന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്ക് നീങ്ങാൻ ഇന്ത്യൻ എംബസി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഖർകിവിലുള്ളവരോട് അവിടെ തുടരാൻ തന്നെയാണ് നിർദേശിച്ചത്. ഖർകിവ് നഗരം റഷ്യയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ വിദ്യാർത്ഥികൾ റഷ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം നിർദേശിച്ചിരുന്നു.
റഷ്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഖർഖീവ് നഗരത്തിൽ തുടക്കം മുതൽ റഷ്യ കടുത്ത ആക്രമണമാണ് നടത്തി വരുന്നത്.
















