• Home
  • kerala
  • തമ്പാനൂരിൽ നഗരമധ്യത്തിൽ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു : പ്രതി അറസ്റ്റില്‍..

തമ്പാനൂരിൽ നഗരമധ്യത്തിൽ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു : പ്രതി അറസ്റ്റില്‍..

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഹോട്ടൽ‌ ജീവനക്കാരനെ വെട്ടിക്കൊന്നു. തമ്പാനൂര്‍ ഓവർ ബ്രിഡ്ജിൽ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. നാഗർകോവിൽ സ്വദേശിയാണ് ഇയാൾ. കൊലയാളി നെടുമങ്ങാട് കല്ലിയോട് കൊല്ലായില്‍ അജീഷ് ഭവനില്‍ അജേഷ് (36) അറസ്റ്റിലായി. ഇയാള്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉൾപ്പെട്ടയാളാണ്.

ഇന്ന് രാവിലെ 8. 30 ഓടെയായിരുന്നു സംഭവം. മാരകയുധങ്ങളുമായി ബൈക്കിലെത്തിയ അജേഷ്, കസേരയിൽ ഇരിക്കുകയായിരുന്ന അയ്യപ്പനെ തുടരെ വെട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

മൂന്ന് മാസം മുമ്പ് ഈ ലോഡ്ജിൽ മുറിയെടുത്തിരുന്ന അജേഷ് ജീവനക്കാരനുമായി വാക്കുതർക്കം ഉണ്ടായിരുന്നു. കൃത്യം നടക്കുന്ന സമയത്ത് ഇയാൾ കഞ്ചാവിന്റെ ലഹരിയിൽ ആയിരുന്നെന്നും പോലീസ് പറഞ്ഞു.
നിരവധി അടിപിടി കേസുകളിൽ പ്രതിയായ അജേഷ് ഭാര്യയുടെ കാമുകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നാം പ്രതിയാണ്.

ഉച്ചക്ക് 12.30 ഓടെ ആണ് ഇയാൾ പോലീസിന്റെ പിടിയിലായത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
നെടുമങ്ങാട് കല്ലിയോട് ആനായി കോണത്ത് ഒരു പാലത്തിലിരിക്കുകയായിരുന്ന പ്രതിയെ മഫ്തിയിലെത്തിയ പോലീസ് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>