ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ചികിത്സ തേടിയപ്പോൾ ഡോക്ടർമാരുടെ ചോദ്യത്തിന് അപ്പോൾ സ്വയം മുറിച്ചതാണെന്ന മറുപടി പറയേണ്ടി വന്നതാണെന്ന് ഗംഗേശാനന്ദ. അസഹനീയമായ വേദന ഉണ്ടായത് കൊണ്ട് ചികിത്സ തേടാനാണ് ആദ്യം ശ്രമിച്ചതെന്ന് ഗംഗേശാനന്ദ വ്യക്തമാക്കി.
ലിംഗം മുറിക്കുന്ന സമയത്ത് ബോധം ഇല്ലാതിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് പറയാനാവില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു.
ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ എഡിജിപി ബി.സന്ധ്യയ്ക്ക് പങ്കുണ്ടെന്നും ഇവരെ ചോദ്യം ചെയ്‌താൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നും ഗംഗേശാനന്ദ പറഞ്ഞു . ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലം വാങ്ങിയ സന്ധ്യയുടെ അറിവോടെയാണ് എല്ലാം നടന്നതെന്നും സംഭവത്തിനു പിന്നിൽ തന്റെ കൂടെ തന്നെയുള്ള ആളുകൾക്ക് പങ്കുണ്ടെന്നും ഗംഗേശാനന്ദ ആരോപിച്ചു.
സംഭവത്തിൽ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നതായും 5 വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ഗംഗേശാനന്ദ.
പേട്ടയിൽ സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ച് ജനനേന്ദ്രിയം ഛേദിച്ച കേസിൽ പരാതിക്കാരിയായ യുവതിയെയും സുഹൃത്ത് അയ്യപ്പദാസിനെയും പ്രതി ചേർക്കാനാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ നിയമോപദേശം തേടിയിരിക്കുന്നത്. എന്നാൽ പെൺകുട്ടിയാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്ന് ഗംഗേശാനന്ദ പറഞ്ഞു. പെൺകുട്ടിയും കുടുംബവുമായി ഇപ്പോഴും ബന്ധപ്പെടാരുണ്ടെന്നും ഗംഗേശാനന്ദ കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഗംഗേശാനന്ദയുടെ വിശദീകരണം ഇങ്ങനെ…
കൃത്യം നടക്കുമ്പോൾ തനിക്ക് ബോധം ഉണ്ടായിരുന്നില്ല. അസഹനീയമായ വേദന കാരണം ബോധം വന്നപ്പോഴാണ് ലിംഗം മുറിച്ചെന്ന് മനസ്സിലായത്. ആ സമയം പെൺകുട്ടി അവിടെ മാറി നിൽക്കുകയായിരുന്നു. ശേഷം അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. എന്തോ വിവരം കിട്ടിയത് പോലെ പോലീസുകാരും പെട്ടെന്ന് അവിടെ എത്തിയിരുന്നു. പെൺകുട്ടി എഡിജിപി സന്ധ്യയുടെ വീട്ടിലേക്കാണ് ഓടിപ്പോയതെന്ന് പിന്നീടറിഞ്ഞു. അതേ സമയം ജനനേന്ദ്രിയം മുറിച്ചത് പെൺകുട്ടി ആണെന്ന് വിശ്വസിക്കുന്നില്ലെന്നും ഗംഗേശാനന്ദ കൂട്ടി ചേർത്തു.
നിയമവിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ ലോക്കൽ ഗാർഡിയനായിരുന്ന താൻ കുട്ടിയിൽ ചില മാറ്റം ശ്രദ്ധിച്ചിരുന്നെന്ന് ഗംഗേശാനന്ദ പറഞ്ഞു. പെൺകുട്ടിയുടെ സുഹൃത്ത് അയ്യപ്പദാസിനെയും അറിയാം. അയ്യപ്പദാസിന്റെ കുടുംബത്തിലെ പലർക്കുമുണ്ടായിരുന്ന അസുഖം സംബന്ധിച്ച് താൻ സഹായിക്കാറുണ്ടായിരുന്നു. പിന്നീട് മയക്കുമരുന്നു ഉപയോഗിക്കുന്ന ശീലമുണ്ടെന്ന് പിന്നീടാണ് മനസിലായതെന്നും ഗംഗേശാനന്ദ വെളിപ്പെടുത്തി. ഇതിനെല്ലാം ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചട്ടമ്പിസ്വാമിയുടെ ജൻമസ്ഥലത്തെ പ്രതിമ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് എത്തിയ സിഐ പ്രതിമ ഇരുന്ന സ്ഥലത്ത് ചവിട്ടിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അയാളെ സസ്‌പെൻഡ് ചെയ്യാൻ ഗംഗേശാനന്ദ മുന്നിൽ നിന്നു. ഈ സിഐ ജോലി ചെയ്യുന്ന പേട്ട സ്റ്റേഷനിലാണ് പെൺകുട്ടി ഇന്റേൺഷിപ്പ് ചെയ്തത്. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം വാങ്ങിയ ആളിന്റെ പ്രേരണയും ഇതിൽ ഉണ്ടെന്ന് സംശയിക്കുന്നതായും ഗംഗേശാനന്ദ പറഞ്ഞു.
2017 മേയിൽ തിരുവനന്തപുരം പേട്ടയിൽ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക അതിക്രമത്തിന് മുതിർന്നപ്പോൾ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23കാരിയായ വിദ്യാർഥിനിയുടെ പരാതി. എന്നാൽ കോടതിയിൽ കേസ് എത്തിയപ്പോൾ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകൻ അയ്യപ്പദാസിന്‍റെ നിർബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെൺകുട്ടിയും മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. ഇതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പരാതിക്കാരിയുടെ കുടുംബത്തിൽ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക മൂലം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളിൽ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ പ്രതി ചേർക്കേണ്ട സാഹചര്യമായതിനാൽ കേസിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.













