നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
അതേസമയം, അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സുപ്രധാന കണ്ടെത്തലുകള്‍ ലഭിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു.ശാസ്ത്രീയ പരിശോധനയിൽ ദിലീപ് അടക്കമുള്ള പ്രതികൾ ഫോണിൽ നിന്ന് തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജനുവരി 30 ന് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്നാണ് പരിശോധിച്ചപ്പോൾ മനസ്സിലായത്. ആയതിനാൽ പ്രതികളെ വിശ്വാസത്തിൽ എടുക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ശബ്ദ സാമ്പിളുകൾ പരിശോധിക്കാൻ കോടതിയിൽ നിന്ന് ഇന്നലെയാണ് അനുമതി ലഭിച്ചത്. ഇനി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം.ഇത്തരത്തിലുള്ള കാല താമസം അന്വേഷണത്തിൽ ഉണ്ടെന്നും സമയം നീട്ടിത്തരണമെന്നും പ്രോസീക്യൂഷൻ ആവശ്യപ്പെട്ടു.
തുടരന്വേഷണം മുന്നോട്ട് പോകണമെന്നും കേസിലെ മുഴുവൻ പ്രതികളെയും പുറത്ത് കൊണ്ട് വരണമെന്നും കേസിൽ കക്ഷിചേർന്ന നടിയുടെ അഭിഭാഷകനും കോടതിയിൽ പറഞ്ഞു.
കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.













