നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്ന അതിജീവിതയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.
തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലെന്ന് അതിജീവിത കോടതിയിൽ പറഞ്ഞു. കേസന്വേഷിക്കുന്ന കാര്യത്തിൽ അതിജീവിതയായ തനിക്കാണ് അവകാശമുള്ളത്. പ്രതിക്ക് അന്വേഷണത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി ഉത്തരവുകൾ ഉണ്ടെന്നും അതിജീവിത ചൂണ്ടിക്കാട്ടി. തുടരന്വേഷണം റദ്ദാക്കരുതെന്നും കേസിലെ പരാതിക്കാരിയായ തന്റെ വാദം കൂടി കേട്ട ശേഷമേ ഹര്‍ജിയില്‍ വിധി പറയാവൂ എന്നും അതിജീവിത അഭ്യർത്ഥിച്ചു. ഇക്കാര്യം കോടതി അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണസംഘം ഇല്ലാ കഥകള്‍ സൃഷ്ടിക്കുന്നുവെന്നും തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് പുനരന്വേഷണമെന്നും ദിലീപ് കോടതിയിൽ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ പരാതി നല്‍കിയശേഷമാണ് പുതിയ ആരോപണങ്ങള്‍ .വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നും ദിലീപ് ആരോപിച്ചു.
എന്നാല്‍ തുടരന്വേഷണത്തിന് ദിലീപ് തടസം നില്‍ക്കുന്നതെന്തിനെന്നാണ് ഹൈക്കോടതി ചോദിച്ചത്. കാലതാമസം ഉള്ളതുകൊണ്ട് അന്വേഷണം നടത്താതിരിക്കാന്‍ പറ്റുമോ എന്നും കോടതി ചോദിച്ചു.













