കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ അറസ്റ്റുചെയ്ത 4 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കൊലക്കുറ്റം ചുമത്തി. സിപിഎം പ്രവര്‍ത്തകരായ ബഷീര്‍,സൈനുദ്ദീന്‍,അബ്ദുറഹ്‌മാന്‍ അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റുചെയ്തിരുന്നത്. നേരത്തേ വധ ശ്രമം അടക്കമുള്ള കേസുകള്‍ ചുമത്തിയിരുന്നു. ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം.
അതേ സമയം, ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും.ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്.ദീപുവിന്റെ പോസ്റ്റ്മോർട്ടം പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും.
മൃതദേഹം വൈകിട്ട് മൂന്ന് മണിയോടെ കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നഗറില്‍ പൊതുദര്‍ശനത്തിന് വെക്കും. അഞ്ച് മണിയോടെ അത്താണിയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.
കഴിഞ്ഞ പന്ത്രണ്ടിനാണ് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിന് മര്‍ദ്ദനമേല്‍ക്കുന്നത്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്നു ദീപു. വെന്റിലേറ്റര്‍ സഹായത്തില്‍ കഴിഞ്ഞിരുന്ന ദീപുവിന്റെ മരണം ഇന്നലെയാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.













