• Home
  • kerala
  • കെഎസ്ഇബി സമരം അവസാനിപ്പിച്ചേക്കും;അന്തിമ തീരുമാനം നാളെ

കെഎസ്ഇബി സമരം അവസാനിപ്പിച്ചേക്കും;അന്തിമ തീരുമാനം നാളെ

കെഎസ്ഇബിയിലെ ഇടത് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. സമര സമിതി പ്രതിനിധികളും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും തമ്മിൽ ഇന്ന് നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയായത്.
ചർച്ചയിൽ തൊഴിലാളികൾ ഉന്നയിച്ച വിഷയങ്ങൾക്ക്‌ പരിഹാരം കാണാമെന്ന്‌ മന്ത്രി ഉറപ്പ്‌ നൽകിയിട്ടുണ്ട്‌.

വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് ഏർപ്പെടുത്തിയ എസ് ഐ എസ് എഫ് സുരക്ഷ തുടരണോ വേണ്ടയോ എന്നതിൽ ഇടത് ട്രേഡ് യൂണിയനുകൾക്ക് സ്വീകാര്യമായ തീരുമാനം എടുക്കാനും തീരുമാനമായി.

കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകുമായി നാളെ ചർച്ച നടത്തിയശേഷം സമരം പിൻവലിക്കുന്ന തീരുമാനം അന്തിമമായി അറിയിച്ചേക്കും.

പൊതുധാരണയിലെത്തിയ വിഷയങ്ങൾ കെഎസ്‌എഇബി ചെയർമാനുമായി നടക്കുന്ന ചർച്ചയിൽ അവതരിപ്പിക്കും. രാവിലെ പത്തിന്‌ തൊഴിലാളി യൂണിയനുകളും 12ന്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ പ്രതിനിധികളുമായാണ്‌ ചർച്ച.

ചർച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകൾ അംഗീകരിക്കാൻ ചെയർമാൻ തയാറായാൽ സമരം അവസാനിപ്പിക്കാമെന്നാണ്‌ സമരക്കാരുടെ നിലപാട്‌.

Leave a Reply

Your email address will not be published. Required fields are marked *