• Home
  • latest news
  • ഒളിത്താവളത്തിൽ പ്രത്യേക സേന വളഞ്ഞപ്പോള്‍ ആദ്യം വെടിവെച്ചു, പിന്നെ കുടുംബത്തോടൊപ്പം സ്വയം പൊട്ടിത്തെറിച്ചു: ഐ.എസ്‌. തലവനെ വധിച്ചതിന്റെ ഉദ്വേഗ ജനകമായ വിശദാംശങ്ങള്‍

ഒളിത്താവളത്തിൽ പ്രത്യേക സേന വളഞ്ഞപ്പോള്‍ ആദ്യം വെടിവെച്ചു, പിന്നെ കുടുംബത്തോടൊപ്പം സ്വയം പൊട്ടിത്തെറിച്ചു: ഐ.എസ്‌. തലവനെ വധിച്ചതിന്റെ ഉദ്വേഗ ജനകമായ വിശദാംശങ്ങള്‍

ഒളിത്താവളത്തിൽ പ്രത്യേക സേന വളഞ്ഞപ്പോള്‍ ആദ്യം വെടിവെച്ചു, പിന്നെ കുടുംബത്തോടൊപ്പം സ്വയം പൊട്ടിത്തെറിച്ചു– ഐ.എസ്‌. തലവൻ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ-ഖുറൈഷിയെ വ്യാഴാഴ്ച രാത്രി വധിച്ചതിന്റെ വിശദാംശങ്ങള്‍ യു.എസ്‌.പ്രസിഡണ്ട്‌ ജോ ബൈഡന്‍ ഇന്നലെ രാത്രി പുറത്തു വിട്ടു. ഖുറൈഷിയുടെ മരണം “ലോകത്തിന് ഒരു വലിയ തീവ്രവാദ ഭീഷണി നീക്കം ചെയ്തു”, ബൈഡൻ പറഞ്ഞു. കൊല്ലപ്പെട്ട ഐഎസ് ഡെപ്യൂട്ടിയുടെ പേര് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല.

മാസങ്ങള്‍ നീണ്ട രഹസ്യമായ ആസൂത്രണത്തിലൂടെയായിരുന്നു വ്യാഴാഴ്‌ച്‌ രാത്രി ആഗോള ഭീകരനായ ഖുറൈഷിയെ യു.എസ്‌. പ്രത്യേക സേന വലയില്‍ വീഴ്‌ത്തിയത്‌. ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ നടത്തിയ ആസൂത്രണത്തെ ഓര്‍മിപ്പിക്കുന്ന തന്ത്രങ്ങളായിരുന്നു ഇപ്പോഴും നടപ്പാക്കിയത്‌. വടക്കൻ ഇദ്‌ലിബ് പ്രവിശ്യയിലും തുർക്കി അതിർത്തിയോട് ചേർന്നുമുള്ള പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള അത്മേഹ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മൂന്ന് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടമാണ് അമേരിക്കൻ സേന ലക്ഷ്യമിട്ടത്.

ഐഎസിന്റെ കടുത്ത എതിരാളികളായ ജിഹാദി ഗ്രൂപ്പുകളുടെയും സിറിയൻ സർക്കാരിനെതിരെ പോരാടുന്ന തുർക്കി പിന്തുണയുള്ള വിമത വിഭാഗങ്ങളുടെയും ശക്തികേന്ദ്രമാണ് ഈ പ്രദേശം.

സിറിയയിലേക്കും മറ്റിടങ്ങളിലേക്കും ഉത്തരവുകൾ കൊറിയർ വഴി അയക്കാൻ ഐഎസ് നടത്തിയിരുന്ന അത്മെയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഖുറൈഷി കുടുംബത്തോടൊപ്പം താമസിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. 2019-ല്‍ അബൂബക്കര്‌ അല്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടതിനു ശേഷമാണ്‌ ഖുറൈഷി ഐ.എസ്‌. തലവനായി സ്വയം വരുന്നത്‌.

ഹാജി അബ്ദുല്ല, അമീർ മുഹമ്മദ് സെയ്ദ് അബ്ദുൾ റഹ്മാൻ അൽ-മൗല, അബ്ദുല്ല കർദാഷ് എന്നീ പേരുകളിലും ഖുറേഷി അറിയപ്പെട്ടിരുന്നു. 1976-ൽ ഇറാഖിലെ മൊസൂളിൽ ജനിച്ച ഖുറേഷിയെ കുറിച്ച് വിവരം നൽകുന്നവർക്ക് യുഎസ് അധികൃതർ 10 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

എങ്ങനെയായിരുന്നു ദൗത്യം

ആത്മേഹിൽ രഹസ്യമായി കഴിയുമ്പോൾ കുളിക്കാനല്ലാതെ അദ്ദേഹം ഒരിക്കലും പുറത്തേക്ക് പോയിരുന്നില്ല. ഐഎസുമായി ബന്ധമില്ലാത്തതോ ഖുറൈഷിയുടെ സാന്നിധ്യത്തെക്കുറിച്ച് അറിയാത്തതോ ആയ മറ്റൊരു കുടുംബം താഴത്തെ നിലയിൽ താമസിച്ചിരുന്നു. വ്യോമാക്രമണം സാധാരണക്കാർക്ക് അപകടസാധ്യതകൾ ഉണ്ടാകുമായിരുന്നു എന്നതിനാൽ സേന ഉപേക്ഷിച്ചു.

അതിനാൽ ഭൂമിയിലൂടെയുള്ള നീക്കത്തെ പറ്റി വിശദമായി പഠിച്ചു. ഒരു ഡസൻ സാഹചര്യങ്ങൾ പരിശീലിക്കുകയും സ്ഥലത്തെ സാഹചര്യത്തിന്റെ അപകടസാധ്യത വിലയിരുത്തുകയും ചെയ്തു.
റെസിഡൻഷ്യൽ കോമ്പൗണ്ടിന്റെ മാതൃകകൾ കൾ നിർമ്മിച്ചു. സ്ഫോടനത്തിൽ കെട്ടിടം തകരാനുള്ള സാധ്യതയെക്കുറിച്ച് എഞ്ചിനീയർമാർ പഠിച്ചു. ഓപ്പറേഷന്റെ വിശദാംശങ്ങളെക്കുറിച്ച് കഴിഞ്ഞ ഡിസംബറിൽ ബൈഡന് ദൗത്യ സേന മേധാവികൾ വിശദീകരിച്ചു കൊടുത്തിരുന്നു.

വ്യാഴാഴ്‌ച അർധരാത്രിയോടെ അമേരിക്കൻ ഹെലികോപ്‌ടറുകൾ അത്‌മെഹിൽ എത്തിയതോടെ വൈറ്റ്‌ഹൗസിലെ മുറിയിൽ നിന്ന് തത്സമയം നിരീക്ഷിച്ചുകൊണ്ട് ബൈഡൻ ആക്രമണത്തിന് അന്തിമ അനുമതി നൽകി.

അബ്ദുല്‍ റഹ്മാന്‍ അല്‍ മൗല എന്ന പേരില്‍ അറിയപ്പെട്ട ഖുറൈഷിയെ പിടികൂടുന്നവര്‍ക്ക്‌ പത്ത്‌ മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള പെന്റഗന്റെ പരസ്യം

യുഎസ് സ്പെഷ്യൽ ഫോഴ്‌സിന് നിലത്ത് ശക്തമായ പ്രതിരോധം നേരിടേണ്ടി വന്നതായി പറയുന്നു. വാഹനങ്ങളിൽ ഘടിപ്പിച്ച വിമാനവിരുദ്ധ തോക്കുകളിൽ നിന്ന് ഐ.എസ് . ഭീകരർ വെടിയുതിർത്തു. ഷെല്ലാക്രമണവും ഉണ്ടായി. സേനയുടെ ഒരു ഹെലികോപ്റ്റർ കേടായതിനെ തുടർന്ന് സ്ഥലത്തു വെച്ച് തന്നെ നശിപ്പിച്ചു.
സേന കെട്ടിടം കീഴടക്കി ഖുറൈഷിയെ തിരയുന്നതിനിടയില്‍ ഒരു കൂട്ടം ആളുകള്‍ എതിര്‍ത്തതായും രണ്ടു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും പെന്റഗൺ വക്താവ് ജോണ്‍കിര്‍ബി പറഞ്ഞു. തിരച്ചില്‍ നടക്കുമ്പോള്‍ ഖുറൈഷി വീടിന്റെ മൂന്നാംനിലയിലായിരുന്നു. പിടികൂടപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ അയാള്‍ സ്‌ഫോടക വസ്‌തു സ്വയം പൊട്ടിച്ച്‌ ഭാര്യയോടും രണ്ട്‌ മക്കളോടുമൊപ്പം മരിച്ചുവെന്നാണ്‌ യു.എസ്‌. അധികൃതര്‍ വെളിപ്പെടുത്തുന്നത്‌. ഭീരുത്വത്തിന്റെ അവസാന പ്രവൃത്തി എന്ന്‌ ജോ ബൈഡന്‍ ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചു. വിരലടയാളത്തിലൂടെയും ഡിഎൻഎ വിശകലനത്തിലൂടെയും ഖുറാഷിയെ പിന്നീട് തിരിച്ചറിഞ്ഞതായി സേന പറഞ്ഞു.

എട്ട് കുട്ടികളടക്കം 10 പേരെ വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ യുഎസ് സേനയ്ക്ക് കഴിഞ്ഞതായി പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. വീട്ടിൽ നിന്ന് ആറ് കുട്ടികളുടെയും നാല് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

വിഷയത്തിൽ ഐഎസ് ഇതുവരെ പരസ്യമായ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ഖുറൈഷിയുടെ മരണം ഐഎസിന് കനത്ത തിരിച്ചടിയാകുമെന്നു യുഎസ് വിദഗ്ധർ ഊഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *