ഐഎസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചതായി യു.എസ് പ്രസിഡന്റ് . വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച പുലർച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അൽ-ഖുറൈഷി കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
”നമ്മുടെ സായുധ സേനയുടെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി. നമ്മൾ ഐഎസിന്റെ തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചു,” ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിറിയൻ വക്താക്കൾ പറഞ്ഞു. വടക്കൻ ഇഡ്‌ലിബ് പ്രവിശ്യയിലുള്ളതും തുർക്കി അതിർത്തിയോട് ചേർന്നുള്ളതുമായ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള അത്മേഹ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വ്യാഴാഴ്ച അർദ്ധരാത്രിയോടെ (ബുധനാഴ്‌ച 22:00 GMT) നിരവധി യുഎസ് ഹെലികോപ്റ്ററുകൾ ലാൻഡ് ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.
സൈന്യത്തിന് ശക്തമായ ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നതായും വാഹനങ്ങളിൽ ഘടിപ്പിച്ച കനത്ത വിമാന വേധ തോക്കുകളിൽ നിന്ന് ഐസ് വെടിയുതിർത്തുവെന്നും പ്രാദേശിക കേന്ദ്രങ്ങൾ അറിയിച്ചു.
ഹെലികോപ്റ്ററുകൾ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായെന്നും പ്രദേശത്തുള്ളവർ പറയുന്നു. ഒരു ഹെലികോപ്റ്റർ മെക്കാനിക്കൽ തകരാറിനെ തുടർന്ന് ഉപേക്ഷിച്ചുവെന്നും പിന്നീട് യുഎസ് വ്യോമാക്രമണത്തിൽ അത് നശിപ്പിക്കപ്പെട്ടുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു .













