ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയ്ക്കും കമ്പനിയിലെ മറ്റ് അഞ്ചു ഉദ്യോഗസ്ഥർക്കുമെതിരെ പകർപ്പവകാശ ലംഘനത്തിന് മുംബൈ പോലീസ് കേസെടുത്തു. ബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയിന്മേലാണ് കേസ്. ‘
ഏക് ഹസീന തി ഏക് ദീവാന താ’ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബിൽ അപ് ലോഡ് ചെയ്തെന്ന് കാണിച്ചാണ് സുനീൽ ദർശൻ പരാതി നൽകിയത്. ഗൂഗിളിന് ഇ-മെയിൽ അയച്ചിരുന്നെന്നും അവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീൽ പറയുന്നു.2017-ൽ പുറത്തിറങ്ങിയ ചിത്രം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടത്.
അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ എന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയിൽപെടുത്താനുള്ള എന്റെ ആദ്യ പടിയാണ് ഈ പരാതി.’ സുനീൽ പറഞ്ഞു.
1957ലെ പകർപ്പവകാശ ലംഘന നിയമത്തിലെ 51, 63, 69 വകുപ്പുകൾ പ്രകാരമാണ് സുന്ദർ പിച്ചൈയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.













