• Home
  • kerala
  • ലോകായുക്തയുടെ അധികാരത്തിൽ കടന്നു കയറി സർക്കാർ ഓർഡിനൻസ്

ലോകായുക്തയുടെ അധികാരത്തിൽ കടന്നു കയറി സർക്കാർ ഓർഡിനൻസ്

ലോകായുക്തയുടെ അധികാരത്തിൽ മാറ്റം വരുന്ന രീതിയിലുള്ള ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ. അഴിമതി കേസുകളിൽ കുറ്റക്കാരാണെന്ന് ലോകയുക്ത വിധിച്ചാലും ബന്ധപ്പെട്ട അധികാരിക്ക് (മുഖ്യമന്ത്രി, ഗവർണ്ണർ, സർക്കാർ) ഹിയറിങ്ങ് നടത്തി വിധിയിൽ തീരുമാനം എടുക്കാമെന്നുള്ളതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.

നിലവിൽ അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ അവർക്ക് വിധി നൽകണമെന്നും അധികാരി വിധി അംഗീകരിക്കണമെന്നുമാണ് വ്യവസ്ഥ.

എന്നാൽ പുതുക്കിയ ഭേദഗതിയിൽ ഇത്തരം വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് വ്യവസ്ഥ. ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭ അനുമതിനൽകി. ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.ടി. ജലീൽ ബന്ധുനിയമനക്കേസിൽ അഴിമതി കാണിച്ചത് തെളിഞ്ഞതിനെ തുടർന്ന് മന്ത്രിസ്ഥാനം ഒഴിയാൻ ലോകായുക്ത വിധിച്ചിരുന്നു. രാജി ഒഴിവാക്കാൻ ജലീൽ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. ഭേദഗതി വരുന്നതോടെ, സമാന സാഹചര്യത്തിൽ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം.

ഓർഡിനൻസ് പ്രകാരം, ലോകായുക്തയുടെ വിധിയിൽ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കിൽ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും.

അഴിമതി തെളിഞ്ഞാലും സർക്കാരിന്റെ ഇഷ്ടാനുസരണമായിരിക്കും വിധി നടത്തിപ്പ് എന്നതാണ് ഈ ഭേദഗതിയിലെ പ്രധാന പോരായ്മ.

അതേ സമയം, ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസുകള്‍ ലോകായുക്തയുടെ പരിഗണനയിലുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുമായി ഉടന്‍ ലോകായുക്തയെ സമീപിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ലോകായുക്തയെ നിഷ്‌ക്രിയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ പുതിയ നീക്കത്തിൽ പ്രതിഷേധിച്ച് രമേശ്‌ ചെന്നിത്തലയും രംഗത്ത് വന്നു. അടുത്തമാസം നിയമസഭ ചേരാനിരിക്കെ, 1999 ൽ ഇ കെ നായനാരുടെ കാലത്ത് നിലവിൽ വന്ന ലോകായുക്ത നിയമത്തിൽ, ഓർഡിനൻസിലൂടെ നിയമഭേദഗതി കൊണ്ടുവരാൻ ഉണ്ടായ അടിയന്തര സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തുവന്ന പത്രക്കുറിപ്പിൽ ഇത്രയും ഗൗരവമുള്ള വിഷയത്തെ സംബന്ധിച്ച് ഒരു വരി പോലും ഇല്ല എന്നുള്ളത് ഈ തീരുമാനത്തിന് പിന്നിലെ ദുരൂഹതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *