• Home
  • kerala
  • മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ കുറ്റക്കാരെന്ന്‌ കണ്ടെത്തി പുറത്താക്കാൻ ലോകായുക്തക്ക്‌ അധികാരമില്ല.. അതുകൊണ്ടാണ് ഭേദഗതി ; കോടിയേരി

മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ കുറ്റക്കാരെന്ന്‌ കണ്ടെത്തി പുറത്താക്കാൻ ലോകായുക്തക്ക്‌ അധികാരമില്ല.. അതുകൊണ്ടാണ് ഭേദഗതി ; കോടിയേരി

ലോകായുക്തയിൽ മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരെ പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ഭേദഗതിയെന്ന വാദം തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കർണാടക, ആന്ധ്ര, തമിഴ്‌നാട്‌, ബീഹാർ, രാജസ്ഥാൻ, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാൻ ലോകായുക്തക്ക്‌ അധികാരമില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും അങ്ങനെ തന്നെയാണ്. 1996 ലാണ്‌ പഞ്ചാബിൽ ലോകായുക്ത നിയമം വരുന്നത്‌. പഞ്ചാബിൽ 2020 ൽ ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. അതുപ്രകാരം മുഖ്യമന്ത്രി, മന്ത്രിമാർ എംഎൽഎമാർ എന്നിവരെ കുറ്റക്കാരെന്ന്‌ കണ്ടെത്തി പുറത്താക്കാൻ ലോകായുക്തക്ക്‌ അധികാരമില്ല, കോടിയേരി പറയുന്നു.

ലോകായുക്തയിലെ സെക്ഷൻ 14 ലാണ് ചട്ടലംഘനം നടത്തിയാൽ പദവിയിൽ നിന്നും പുറത്താക്കാൻ അധികാരികൾ നിർബന്ധിതരാകുന്നത്. അതിനുമുകളിൽ അപ്പീൽ അധികാരമില്ലെന്നതാണ് പ്രശ്‌നം. അപ്പീൽ അധികാരമില്ലാത്ത വകുപ്പ് നൽകിയത് ഭരണ ഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.

2006 ലും ഡയറക്‌ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ ഇത്തരമൊരു ഭരണഘടനാ പ്രശ്‌നം ലോകായുക്ത നിയമത്തിലുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചിരുന്നതായും കോടിയേരി പറഞ്ഞു.

നിയമ ഭേദഗതി വരുത്തുന്നതിന് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതില്ലെന്നും ബില്ലായി നിയമസഭയിൽ വരുമ്പോൾ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും അഭിപ്രായം പറയാമെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *