സർവകലാശലയിലെ വി സി നിയമനത്തിലും മറ്റു രാഷ്ട്രീയ ഇടപെടലുകളിലും സർക്കാരുമായി തെറ്റിയ ഗവർണറുടെ നിലപാട് മാറുന്നു. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ഗവർണർ നോക്കി തുടങ്ങി.
മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഗവർണറെ അനുനയത്തിലേക്ക് എത്തിച്ചതാണെന്നാണ് സൂചന.കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ തുടങ്ങി രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിന് കേരളാ സർവകലാശാല എതിർത്തത് വരെ, ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. ചാൻസലർ പദവി താൻ ഒഴിയാൻ പോവുകയാണെന്നും, സർവകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലും നോക്കുകയില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു . ഒരു സമവായത്തിനും ഇല്ലെന്ന് നിരവധി തവണ ആവർത്തിക്കുകയും ചെയ്തു.
എന്നാൽ മുഖ്യമന്ത്രി സംസാരിച്ചതിന് പിന്നാലെ ഗവർണർ നിലപാട് മയപ്പെടുത്തി. ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി നാല് കത്തുകൾ മുഖ്യമന്ത്രി അയച്ചതും രണ്ട് തവണ അദ്ദേഹത്തെ വിളിച്ചതുമാണ് സമവായത്തിലേക്കെത്തിച്ചതെന്നാണ് സൂചന. സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ ചാൻസലർ എന്ന നിലയിൽ ഗവർണർ നോക്കി തുടങ്ങി.
അതേ സമയം, കണ്ണൂർ വിസി നിയമനത്തിൽ, ഹൈക്കോടതിയിൽ ഗവർണ്ണറുടെ വിശദീകരണം നിർണ്ണായകമാകും.














