• Home
  • kerala
  • കോവിഡ് രൂക്ഷം ; സിപിഎം സംസ്ഥാന സമ്മേളനം മാറ്റും..

കോവിഡ് രൂക്ഷം ; സിപിഎം സംസ്ഥാന സമ്മേളനം മാറ്റും..

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമ്മേളനം മാറ്റി വയ്ക്കും. സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ അതിന്റെ മൂർധന്യത്തിൽ എത്തുമെന്നാണ് പഠനം. ഈ സാഹചര്യത്തിൽ സിപിഎമ്മിന് സമ്മേളനവുമായി മുന്നോട്ട് പോകാനാവില്ല എന്നാണ് വ്യക്തമാകുന്നത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും നടത്തിയ പാർട്ടി സമ്മേളനങ്ങൾ വൻ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ‘റിപ്പബ്ലിക് ദിനത്തേക്കാൾ എന്ത് പ്രത്യേകതയാണ് പാർട്ടി സമ്മേളനങ്ങൾക്ക് ഉള്ളതെ’ന്നാണ് ഹൈക്കോടതി, കാസർഗോഡ് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് ചോദിച്ചിരുന്നത്. അതുകൊണ്ടു തന്നെ വീണ്ടും ഒരു വിമർശനത്തിന് ഇടയാക്കാത്ത രീതിയിലായിരിക്കും സംസ്ഥാന സമ്മേളനം നടത്താൻ പാർട്ടി തീരുമാനിക്കുക എന്നും തീർച്ചയാണ്.

മാർച്ച് ഒന്നു മുതൽ നാല് വരെയാണ് എറണാകുളത്ത് സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ എല്ലാ ജില്ലയിൽ നിന്നുമുള്ള പ്രനിധികൾ ഉൾപ്പെടുമ്പോൾ നൂറിലേറെ പേർ ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അത്തരമൊരു വലിയ പരിപാടി സംഘടിപ്പിക്കാൻ സാധ്യമല്ലെന്ന് പാർട്ടി നേതൃത്വത്തിനും വ്യക്തമാണ്.

കാസർഗോഡ് ജില്ലാ സമ്മേളനവും, തൃശ്ശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കേണ്ടി വന്നതും ആലപ്പുഴ ജില്ലാ സമ്മേളനം പൂർണ്ണമായി ഒഴിവാക്കേണ്ടി വന്നതും കേരളം കണ്ടതാണ്. ആലപ്പുഴ ജില്ലാ സമ്മേളനം ഇനി എന്ന് നടത്തുമെന്നും തീരുമാനിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ജില്ലാ സമ്മേളനങ്ങൾ പൂർണ്ണമായി എന്ന് പറയാനാകില്ല.

ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂര് നിശ്ചയിച്ചിരുന്ന പാർട്ടി കോൺഗ്രസിന്റെ കാര്യവും വിഭിന്നമല്ല. കോവിഡ് നിയന്ത്രണം ശക്തമാകുന്നത്തോടെ പാർട്ടി കോൺഗ്രസ്‌ നീട്ടി വയ്ക്കാനും നേതൃത്വം നിർബന്ധിതമാകും. പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികളും മറ്റ് അനുബന്ധ പരിപാടികളുമാണ് കേരളത്തിലും വിശേഷിച്ച് കണ്ണൂരും പദ്ധതിയിട്ടിരുന്നത്. ലോക്കൽ,ബ്രാഞ്ച്, ഏരിയ തുടങ്ങി പാർട്ടിയുടെ വിവിധ തലങ്ങളിലെ ഘടകങ്ങളിൽ മുഴുവനായും സംഘാടക സമിതികളും ഇതിനായി രൂപീകരിച്ചു കഴിഞ്ഞു. ഇവരുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു വരികയായിരുന്നു.എന്നാൽ ഇതെല്ലാം കോവിഡ് വ്യാപനത്തോടെ ത്രിശങ്കുവിലാണ്.

ഇനി അറിയാനുള്ളത് മാറ്റി വെക്കുന്ന തീയതികളും, ചരിത്രത്തിൽ ആദ്യമായി മാറ്റം വരുത്തേണ്ടി വന്ന പാർട്ടി സമ്മേളനങ്ങൾ ഏത് രീതിയിൽ പുനസംഘടിപ്പിക്കുമെന്നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *