• Home
  • latest news
  • യു എ ഇ യിൽ വീണ്ടും ഹൂതി ആക്രമണം

യു എ ഇ യിൽ വീണ്ടും ഹൂതി ആക്രമണം

യുഎഇ യുടെ തലസ്ഥാനമായ അബുദാബിയിൽ വീണ്ടും ഹൂതി ആക്രണം. സൗദിയിലെ ജിസാൻ ഇൻഡസ്ട്രിയൽ ഏരിയയിലും ഹൂതി ആക്രമണം ഉണ്ടായി. രണ്ടു പേർക്കു പരുക്കേറ്റു.

അബുദാബിയിലേക്ക് ഹൂതികൾ അയച്ച രണ്ടു ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങൾ വിജന പ്രദേശത്ത് പതിച്ചത് കൊണ്ട് ആളപായം ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദി ജിസാനിലേക്കും ബാലിസറ്റിക് മിസൈൽ ആക്രമണമാണ് ഉണ്ടായത്. അതേ സമയം അൽ ജൌഫ് മേഖലയിൽ നിന്നു വന്ന രണ്ടു ഡ്രോണുകൾ തങ്ങൾ തകർത്തതായും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഏത് ആക്രമണത്തെയും നേരിടാൻ തങ്ങൾ സജ്ജമാണെന്നും യുഎഇയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അബുദാബിയിൽ കഴിഞ്ഞ 17ന് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരടക്കം മൂന്നു പേർ കൊല്ലപ്പെടുകയും ആറുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ യുഎൻ അടക്കമുള്ളവർ പ്രതിഷേധിച്ചതിനിടെയാണ് ഇന്നു വീണ്ടും ആക്രമണ ശ്രമം ഉണ്ടായിരിക്കുന്നത്.

അതേ സമയം ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അടയന്തര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം ഉന്നയിച്ചത്.

ഹൂതികളെ വീണ്ടും ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രസ്താവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *