ഇന്ന് ആരംഭിച്ച സി.പി.എം തൃശൂർ, കാസർകോഡ് ജില്ലാ സമ്മേളനങ്ങൾ രണ്ടു ദിവസമായി വെട്ടിച്ചുരുക്കി. ഞായറാഴ്ച ലോക് ഡൗണായതിനാൽ സമ്മേളനം ഉണ്ടായിരിക്കില്ല. ഇന്ന് മുതൽ 3 ദിവസമാണ് കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ തീരുമാനിച്ചിരുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് കാസർഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അറിയിച്ചു. മടിക്കൈ അമ്പലത്തുകരയിലാണ് സമ്മേളനം. അഞ്ഞൂറിലധികം പേർക്കിരിക്കാവുന്ന ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിവിധ കേന്ദ്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുഴുവൻ സമയവും പങ്കെടുക്കും.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ് തൃശൂർ പ്രതിനിധി സമ്മേളനം നടക്കുക. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം.













