• Home
  • latest news
  • ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനടുത്ത് പാലം നിർമ്മിക്കുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ

ചൈനീസ് സൈന്യം പാംഗോങ് തടാകത്തിനടുത്ത് പാലം നിർമ്മിക്കുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ

ഇന്ത്യയെ സമ്മർദത്തിലാക്കാൻ പുതിയ നടപടിയുമായി ചൈന. ചൈനീസ് സൈന്യം പാംഗോങ് തടാകത്തിന്റെ വശത്ത് ഒരു പാലം നിർമ്മിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ചൈനീസ് സൈന്യത്തിന് ഇന്ത്യൻ അതിർത്തിയിൽ അതിവേഗം എത്താനാകുമെന്നാണ് വിലയിരുത്തൽ.

ഇപ്പോൾ 200 കിലോമീറ്റർ താണ്ടി വേണം ഇവിടെയെത്താൻ. പാലം നിർമിച്ച ശേഷം ഈ ദൂരം 40 മുതൽ 50 കിലോമീറ്റർ വരെയായി കുറയും. അതായത്, ചൈനീസ് സൈന്യം ഇപ്പോൾ ഏകദേശം 8 മണിക്കൂർ എടുക്കുന്ന യാത്ര, 2 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാനാകും . പാംഗോങ് ത്സോ തടാകം 135 കിലോമീറ്ററിൽ പരന്നുകിടക്കുന്നു. ഇതിന്റെ ഒരു ഭാഗം ലഡാക്കിലും ബാക്കി ടിബറ്റിലും ആണ് . 2020 മെയ് മുതൽ ഈ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്.

ചൈന അതിന്റെ ഖുർനാക്ക് പ്രദേശത്താണ് ഈ പാലം നിർമ്മിക്കുന്നത്. പാംഗോങ് തടാകത്തിന്റെ ഏറ്റവും ഇടുങ്ങിയതും പ്രവേശിക്കാൻ കഴിയാത്തതുമായ ഭാഗമാണിത്. പാലം നിർമ്മാണത്തിന്റെതെന്നു കരുതപ്പെടുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ചൈനീസ് സൈന്യത്തിലെ എൻജിനീയർമാർ പാലത്തിന്റെ ഘടക ഭാഗങ്ങൾ തയ്യാറാക്കിയിരിക്കയാണത്രെ . അവ നിശ്ചിത സ്ഥലത്ത് എത്തിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുക . ചൈന ഈ മേഖലയിൽ പുതിയ റോഡുകളും നിർമിക്കുന്നുണ്ട്. സൈനികരുടെയും ആയുധങ്ങളുടെയും വിന്യാസത്തിൽ അത് ചൈനക്ക് ഗുണം ചെയ്യും. ലഡാക്കിൽ ഏകദേശം 60,000 ചൈനീസ്‌ സൈനികർ ഉണ്ടെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട്.

2020 ഓഗസ്റ്റിലെ ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷനിൽ നിന്നു നേരിട്ട തിരിച്ചടിക്ക് ശേഷമാണ് ചൈനീസ് സൈന്യം പുതിയ നടപടി സ്വീകരിച്ചതെന്ന് ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഇന്ത്യൻ സൈന്യം, ചൈനീസ് സൈന്യത്തെ തുരത്തി പാങ്കോങ് തടാകത്തിന്റെ തെക്ക് ഭാഗത്തുള്ള എല്ലാ പർവതശിഖരങ്ങളും പിടിച്ചെടുത്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *