• Home
  • kerala
  • സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍: അന്വേഷണം ആവശ്യപ്പെട്ട് നടി , എതിർ പരാതിയുമായി നടൻ ദിലീപ്

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍: അന്വേഷണം ആവശ്യപ്പെട്ട് നടി , എതിർ പരാതിയുമായി നടൻ ദിലീപ്

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യമുന്നയിച്ച്‌ ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി. തുടര്‍ന്ന്‌ നടന്‍ ദിലീപും കൗണ്ടര്‍ പരാതിയുമായി രംഗത്തെത്തി. കേസ്‌ കൈകാര്യം ചെയ്യുന്ന പബ്ലിക്‌ പ്രോസിക്യൂട്ടര്‍ രാജിവെച്ച സംഭവം കേസ്‌ അട്ടിമറിക്കാനുള്ള നീക്കമാണെന്ന്‌ ദിലീപ്‌ ആരോപിച്ചു. സംവിധായകന്റെ പരാതിക്കു പിന്നില്‍ പ്രോസിക്യൂഷനാണെന്നും ആരോപിച്ച്‌ ദിലീപ്‌ സംസ്ഥാന പോലീസ്‌ മേധാവിക്കും ഉപ പൊലീസ്‌ മേധാവിക്കും പരാതി നല്‍കി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വിചാരണക്കോടതിയില്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയതോടെയാണ് പുതിയ സംഭവ വികാസം. സമൂഹമാധ്യമങ്ങളില്‍ വന്ന സംവിധായകന്റെ വെളിപ്പെടുത്തലുകള്‍ നടിയെ ലൈംഗികമായി അപമാനിച്ച സംഭവത്തില്‍ ദിലീപിനുള്ള പങ്ക്‌ കൃത്യമായി തെളിയിക്കുന്നുണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. അവര്‍ നേരത്തെ കോടതിയില്‍ ഹാജരാക്കിയ തെളിവുകളുമായി ഒത്തുപോകുന്നവയാണ്‌ പുതിയ വെളിപ്പെടുത്തലുകളും ശബ്ദ രേഖയുമെന്ന്‌ പറയപ്പെടുന്നു.

ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിലെ പുതിയ വിവരങ്ങളാണെന്നും അതിനാൽ ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും അപേക്ഷയിൽ പറയുന്നു. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇത് പുറത്തുപറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അന്ന് ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്രകുമാർ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചിരുന്നെന്നും, താൻ ഇതിന് സാക്ഷിയാണെന്നും അഭിമുഖത്തിൽ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഒരു വി ഐ പിയായിരുന്നു നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ സഹോദരൻ അനൂപും, സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ ദൃശ്യങ്ങൾ കണ്ടതിന് താൻ സാക്ഷിയാണ്. ദിലീപിന്റെ വീട്ടിലെ പാലുകാച്ചൽ ചടങ്ങ് നടന്നതിന്റെ പിറ്റേന്ന് അവിടെ പോയിരുന്നുവെന്നും, അവിടെ സുനിയെ കണ്ടിരുന്നു. തന്റെ കൂടെ പൾസർ സുനിയെ കണ്ട വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. റിമാൻഡിലായിരിക്കെ ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. സഹോദരി ഭർത്താവ് വിളിച്ചു. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട് — അഭിമുഖത്തിൽ ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ പുതിയ അന്വേഷണം നടത്തണമെന്ന പൊലീസ്‌ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യത്തെത്തുടര്‍ന്ന്‌ കേസിലെ പ്രൊസിക്യൂഷന്‍ അഭിഭാഷകന്‍ നാടകീയമായി രാജിവെച്ചു. എന്നാല്‍ ഇപ്പോള്‍ ദിലീപ്‌ പ്രൊസിക്യൂഷനെതിരെയാണ്‌ രംഗത്തു വന്നിരിക്കുന്നത്‌. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്‌തരിക്കുന്നതിനു തലേന്നാണ്‌ പരാതി രൂപപ്പെട്ടതെന്നും വിസ്‌താരം നടന്നിരുന്നെങ്കില്‍ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍ തകരുമായിരുന്നുവെന്നും ദിലീപ്‌ പറയുന്നു. തുടര്‍ അന്വേഷണത്തിനുള്ള ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കണം, ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ നടപടി വേണം-ദിലീപ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌ ഇതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *