നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന സംവിധായകന്റെ ചാനല്‍ വെളിപ്പെടുത്തലുകളോടെ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായിരിക്കയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കിയിരിക്കുന്നു. കേസിന്റെ സാക്ഷി വിസ്‌താരത്തിനിടെയാണ് പുതിയ സംഭവ വികാസം. സമൂഹമാധ്യമങ്ങളില്‍ വന്ന സംവിധായകന്റെ വെളിപ്പെടുത്തലുകള്‍ നടിയെ ലൈംഗികമായി അപമാനിച്ച സംഭവത്തില്‍ ദിലീപിനുള്ള പങ്ക് കൃത്യമായി തെളിയിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. അവര്‍ നേരത്തെ കോടതിയില്‍ ഹാജരാക്കിയ തെളിവുകളുമായി ഒത്തുപോകുന്നവയാണ് പുതിയ വെളിപ്പെടുത്തലുകളും ശബ്ദ രേഖയുമെന്ന് പറയപ്പെടുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിലെ പുതിയ വിവരങ്ങളാണെന്നും അതിനാൽ ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും അപേക്ഷയിൽ പറയുന്നു. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇത് പുറത്തുപറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അന്ന് ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു ബാലചന്ദ്രകുമാർ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചിരുന്നെന്നും, താൻ ഇതിന് സാക്ഷിയാണെന്നും അഭിമുഖത്തിൽ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഒരു വി ഐ പിയായിരുന്നു നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത്. ദിലീപിന്റെ സഹോദരൻ അനൂപും, സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ ദൃശ്യങ്ങൾ കണ്ടതിന് താൻ സാക്ഷിയാണ്. ദിലീപിന്റെ വീട്ടിലെ പാലുകാച്ചൽ ചടങ്ങ് നടന്നതിന്റെ പിറ്റേന്ന് അവിടെ പോയിരുന്നുവെന്നും, അവിടെ സുനിയെ കണ്ടിരുന്നു. തന്റെ കൂടെ പൾസർ സുനിയെ കണ്ട വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. റിമാൻഡിലായിരിക്കെ ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. സഹോദരി ഭർത്താവ് വിളിച്ചു. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട് — അഭിമുഖത്തിൽ ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു.
പുതിയ സംഭവ വികാസത്തിൽ വിചാരണ കോടതിയുടെ തീരുമാനം നിർണായകമാകും. നടിയെ ആക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലാണിപ്പോൾ. പ്രോസിക്യൂഷന്‍ കൈമാറിയ അപേക്ഷ പരിഗണിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അത് ദിലീപിന് വലിയ പ്രഹരം തന്നെയാണ്.













