അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ എല്ലാ ഓര്‍മകളെയും ഉപേക്ഷിച്ച് മുഖം മിനുക്കി വീണ്ടും തുറക്കാന്‍ പോകുകയാണ് വാന്‍കൂവറിലെ കൂറ്റന്‍ ഹോട്ടല്‍. ട്രംപിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി നോക്കി നടത്തിപ്പ് ഏറ്റെടുത്ത ഹോട്ടലിന് അവര്‍ നല്‍കിയ പേരും ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ എന്നായിരുന്നു. എന്നാല്‍ പേര് അറംപറ്റിയതാണോയെന്നറിയില്ല, തുടക്കത്തില്‍ തന്നെ ഹോട്ടല്‍ നഷ്ടത്തിലായി. 2017-ല്‍ ആരംഭിച്ച ഹോട്ടല്‍ കഴിഞ്ഞ വര്‍ഷം പൂട്ടുകയും ചെയ്‌തു. വാന്‍കൂവറിലെ ഏറ്റവും ഉയരമുള്ള കെട്ടിടസമുച്ചയമായിരുന്നു 63 നിലകളുള്ള ഹോട്ടലിന്റെത്. എന്നാല്‍ ട്രംപ് ബ്രാന്‍ഡിങ് ഹോട്ടലിന് ശകുനപ്പിഴയായി മാറി അക്ഷരാര്‍ഥത്തില്‍. മാത്രമല്ല, ഒട്ടേറെ ട്രംപ് വിവാദങ്ങളില്‍ കക്ഷിചേര്‍ക്കപ്പെടുകയും ചെയ്‌തു, വെറുതെ…
ഹോട്ടല്‍ ഉടമകളായ ഹോള്‍ബോണ്‍ ഗ്രൂപ്പ് ഹോട്ടല്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ ചെയ്‌തിരിക്കുന്ന ആദ്യ ജോലികളിലൊന്ന് ട്രംപ് ബ്രാന്‍ഡിങ്ങില്‍ നിന്നും പുറത്തുകടക്കുക എന്നതായിരുന്നു. ഹോട്ടലിന്റെ പേരില്‍ നിന്നുള്‍പ്പെടെ ട്രംപിനെ നീക്കി. പേര് പുതുക്കി പാരഡോക്‌സ് ഹോട്ടല്‍ എന്നാക്കി മാറ്റി. ഇത് പ്രമുഖ അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലയുടെ പേരാണ്. ട്രംപിനെക്കൊണ്ട് രാശിയില്ലാതെ പോയ ഹോട്ടല്‍ ഇനി പുരോഗതിയിലേക്ക് പോകുമെന്ന പ്രതീക്ഷയാണ് ഉടമകള്‍ക്ക്.













