രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച. മേയർ ആര്യാ രാജേന്ദ്രേന്റെ കാർ മുന്നറിയിപ്പില്ലാതെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറ്റിയതാണ് വലിയ വീഴ്ചയായത്. വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്നലെയായിരുന്നു സംഭവം. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെയുള്ള ഭാഗത്താണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ജനറൽ ആശുപത്രിയിലേക്ക് എത്തിയപ്പോൾ എട്ടാമത്തെ വാഹനത്തിനിടയിലേക്ക് മേയറുടെ കാർ കയറ്റുകയായിരുന്നു. കേന്ദ്രത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുള്ളിലേക്ക് എത്ര വലിയ വിഐപി ആയാലും മറ്റൊരു വാഹനം കയറാനുള്ള അനുവാദമില്ല. അബദ്ധത്തിൽ പറ്റിയ പിഴവെന്നാണ് പറയുന്നത്. പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ലെന്ന് മേയറുടെ ഓഫിസ് പ്രതികരിച്ചു. സുരക്ഷാ വീഴ്ചയുണ്ടായതായി ആക്ഷേപം ഉയർന്നതിനെ തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.













