പാക്കിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന കറാച്ചിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് തുടർച്ചയായി നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ ഇതുവരെ 14 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി വരികയാണ്. പരിക്കേറ്റവർ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. അനധികൃതമായി പണിത കെട്ടിടത്തിലെ ഓടകളില്‍ സൂക്ഷിച്ചുവച്ച ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിനു കാരണമെന്ന് പൊലീസ് സൂചിപ്പിക്കുന്നു.

കറാച്ചിയിലെ ഷേർഷാ ഏരിയയിലെ പരാച്ച ചൗക്കിന് സമീപം ഉച്ചയ്ക്ക് 1.30 നാണ് സ്ഫോടനം നടന്നതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ സ്വകാര്യ ബാങ്കിന്റെ കെട്ടിടം തകർന്നു.
അതിലെ രക്ഷാപ്രവർത്തനത്തിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
സ്‌ഫോടനത്തിൽ തകർന്ന ബാങ്ക് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്നു പറയുന്നു.













