സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണെന്നു ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
തുടര്‍ ഭരണത്തോടെ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് - വി.ഡി.സതീശന്‍
തുടര്‍ ഭരണത്തോടെ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്ത് അസംബന്ധവും കാണിക്കാനുള്ള സ്ഥലമായി സര്‍വകലാശാലകള്‍ മാറി. കണ്ണൂര്‍ വി.സിയുടെ നിയമനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് ചട്ടവിരുദ്ധമായാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തെ സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂനിവേഴ്സിറ്റിയിലെ മുഴുവന്‍ നിയമനങ്ങളും ചട്ടങ്ങള്‍ മറികടന്നാണ് നടത്തിയിട്ടുള്ളത്. ചട്ടങ്ങള്‍ മറികടന്നുള്ള നിയമനങ്ങളാണ് ഇപ്പോള്‍ സര്‍വകലാശാലകളില്‍ നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.














