ഞായറാഴ്ച വൈകീട്ട് അമേരിക്ക കാബൂള്‍ എയര്‍പോര്‍ട്ടിനു സമീപം നടത്തിയ ഡ്രോണ്‍ റോക്കറ്റാക്രമണത്തില്‍ രണ്ട് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതില്‍ താലിബാന് പ്രതിഷേധം. ചൈനീസ് ടെലിവിഷന്‍ സി.ജി.ടി.എന്‍-ന് നല്‍കിയ പ്രതികരണത്തില്‍ താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് ആണ് ഇക്കാര്യം പറഞ്ഞത്. മറ്റൊരു വിദേശരാജ്യത്ത് നടത്തിയ ഈ ആക്രമണം നിയമവിരുദ്ധമാണെന്നും അമേരിക്കന്‍ സൈനികര്‍ക്കോ പൗരന്‍മാര്‍ക്കോ ഭീഷണിയുണ്ടായിരുന്നെങ്കില്‍ അത് തങ്ങളെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അല്ലാതെ നേരിട്ട് ആക്രമിക്കുകയല്ല ചെയ്യേണ്ടതെന്നും എഴുതി നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞതായി റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സിവിലിയന്‍മാരുടെ മരണം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് പെന്റഗണ്‍ പ്രതികരിച്ചിരിക്കുന്നത്. ഒരേസമയം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും താലിബാനും ഭീഷണിയായ ഐ.എസ്.-ന്റെ ഒരു ചാവേര്‍ കാര്‍ ബോംബാക്രമണത്തെ തകര്‍ക്കാനായിരുന്നു ഡ്രോണ്‍ ആക്രമണം നടത്തിയതെന്നും പെന്റഗണ്‍ പറയുന്നു.













