ഡെല്‍ഹി കന്റോണ്‍മെന്റിലെ നംഗല്‍ ഗ്രാമത്തില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെടുകയും ബലാല്‍ക്കാരമായി ദഹിപ്പിക്കപ്പെടുകയും ചെയ്‌ത ഒന്‍പത് വയസ്സുകാരിയുടെ മാതാപിതാക്കളെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തി. അദ്ദേഹം അവരോട് വിശദമായി കാര്യങ്ങള്‍ തിരക്കി. പിന്നീട് വാര്‍ത്താലേഖകരോട് പ്രതികരിക്കവേ, മാതാപിതാക്കള്‍ക്ക് നീതി കിട്ടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് അച്ഛനമ്മമാര്‍ പറഞ്ഞതായി രാഹുല്‍ അറിയിച്ചു. നീതിക്കു വേണ്ടി അവസാനം വരെ നിലകൊള്ളുമെന്നും രാഹുല്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ലോക്‌സഭയില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് സുര്‍ജേവാല പറഞ്ഞു. ദലിത് പെണ്‍കുട്ടി എന്നാല്‍ അവള്‍ രാജ്യത്തിന്റെ മകള്‍ ആണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു.
പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തില്‍ ഡെല്‍ഹിയില്‍ പ്രതിഷേധം കനക്കുകയാണ്. പൊലീസ് ശരിയായ രീതിയില്‍ നടപടി എടുക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ് ഡെല്‍ഹിയിലെ പൊലീസ് സേന. ശ്‌മശാനത്തില്‍ കുടിവെള്ളം ശേഖരിക്കാന്‍ പോയ പെണ്‍കുട്ടിയെ ഏതാനും സമയം കഴിഞ്ഞപ്പോള്‍ കണ്ടെത്തിയത് മരിച്ച നിലയിലായിരുന്നു. ശ്‌മശാനത്തിലെ പുരോഹിതന്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചു വരുത്തി കുട്ടി ഷോക്കേറ്റ് മരിച്ചു എന്നറിയിക്കുകയും പോസ്‌റ്റ്‌മോര്‍ട്ടം പോലും നടത്താന്‍ സമ്മതിക്കാതെ ധൃതിയില്‍ ദഹിപ്പിക്കുകയുമായിരുന്നു. പിതാവ് ശ്‌മശാനത്തിലെത്തുമ്പോള്‍ കാണുന്നത് മകളെ ദഹിപ്പിച്ചുകൊണ്ടിരിക്കുന്നതായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടം പ്രതിഷേധിച്ച് ശ്‌മശാനത്തിന്റെ ഗേറ്റ് തല്ലിപ്പൊളിച്ച് അകത്തു കടന്ന് ചിത വെള്ളമൊഴിച്ച് അണച്ചു. കുട്ടിയുടെ കാലിന്റെ ഭാഗം മാത്രമാണ് ചാരമാകാതെ ബാക്കിയായത്. പുരോഹിതനെയും മറ്റ് നാല് പേരെയും പിന്നീട് പൊലീസ് പിടികൂടി. എന്നാല്‍ കുറ്റകൃത്യം തെളിയിക്കാനാവശ്യമായ തെളിവുകള്‍ പലതും നശിപ്പിക്കപ്പെട്ടിരുന്നു അപ്പോഴേക്കും.













