കേരളത്തിലെ പ്രമുഖ പ്രസാധക ഗ്രൂപ്പായ തൃശ്ശൂര്‍ ഗ്രീന്‍ ബുക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കൃഷ്‌ണദാസ് എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന ആര്‍.വല്‍സന്‍ അന്തരിച്ചു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയാണ്. ഇപ്പോള്‍ അയ്യന്തോളിലായിരുന്നു താമസം. കുറേ നാളായി അസുഖബാധിതനായിരുന്നു.
ഭാര്യ ഗിരിജ. മകൾ നീതി, മകൻ വിശ്വാസ്.
മരുമകൻ മിഥുൻ
ശവസംസ്‌കാരം നാളെ രാവിലെ 9-ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തും.
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, പ്രസാധകന്‍ എന്നീ നിലയില്‍ പ്രശസ്‌തനായ കൃഷ്‌ണദാസ് 1951-ലാണ് ജനിച്ചത്. എഴുപതുകളുടെ തുടക്കത്തില്‍ ഗള്‍ഫിലേക്ക് തൊഴില്‍ തേടി പോയി. യു.എ.ഇ.യിലെ ആദ്യകാല ദിനപത്രമായ റോയിറ്റേഴ്‌സ് ബുള്ളറ്റിനില്‍ പ്രവര്‍ത്തിച്ചു.വിദേശബാങ്കായ ഹോങ്കോങ് ബാങ്കില്‍ പ്രവര്‍ത്തിച്ചു. ഇക്കാലത്ത്

ദേശാഭിമാനി പത്രത്തിൻറെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനായി ഗൾഫിലെ ജീവിതത്തെക്കുറിച്ച് ധാരാളം എഴുതി. അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തീയേറ്റേഴ്സിൻറെ മുഖ്യ സംഘാടകനായിരുന്നു. ഗൾഫ് യുദ്ധകാലത്ത് യുദ്ധലേഖകനായും പ്രവർത്തിച്ചു. ഇതിനിടയിൽ ‘ദുബായ് പുഴ’ അടക്കമുള്ള കൃഷ്ണദാസിൻറെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകൃതമായിരുന്നു. 1998-ൽ ഹോങ്കോങ് ബാങ്കിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങി.
കുടുംബപരമായി സാഹിത്യത്തോട് ബന്ധപ്പെട്ടിരുന്ന കൃഷ്ണദാസിന് നാട്ടിൽ സാഹിത്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് കുറച്ചു സുഹൃത്തുക്കളുമായി ചേർന്ന് തൃശ്ശൂർ കേന്ദ്രമാക്കി ഗ്രീൻ ബുക്ക്സ് തുടങ്ങുന്നത്.

പ്രസാധന രംഗത്ത് തൃശ്ശൂരിന് മഹത്തായ പാരമ്പര്യമാണ് ഉള്ളത്. മുണ്ടശ്ശേരി മാസ്റ്ററുടെ കറൻറ്റ് ബുക്സിനു മുമ്പേ തന്നെ അപ്പൻ തമ്പുരാൻറെ മംഗളോദയം, കേരള സാഹിത്യ അക്കാദമി തുടങ്ങിയ പ്രസാധകർ തൃശ്ശൂരിൽ പേരും പെരുമയും നേടിയിരുന്നു. പിന്നീട് ചെറുതും വലുതുമായ നിരവധി പ്രസാധകർ തൃശ്ശൂരിൽ വന്നു പോയി. അതിലെ ഒടുക്കത്തെ കണ്ണിയായിരുന്നു ഗ്രീൻ ബുക്ക്സ്.
2004-ൽ തുടങ്ങുമ്പോൾ സി ജി ശാന്തകുമാർ ആയിരുന്നു ഗ്രീൻബുക്സിൻറെ ചെയർമാൻ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് തുടക്കം കുറിച്ചവരിൽ ഒരാളായ അദ്ദേഹം നിരവധി ശാസ്ത്രപുസ്തകങ്ങളുടെ രചയിതാവായിരുന്നു.

പ്രധാനപ്പെട്ട ഒട്ടെല്ലാ കൃതികളുടെയും ബൗദ്ധിക അവകാശം നിലവിലെ പ്രസാധക ഭീമന്മാരുടെ കയ്യിലായിരുന്നതിനാൽ ഗ്രീൻ ബുക്സിന് നൂതനമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടിവന്നു. ലോക ക്ലാസ്സിക്കുകൾ പുനഃ പ്രസിദ്ധീകരിച്ചാണ് ആദ്യമായി ഈ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് പരമ്പരാഗതമായ വഴികളിലൂടെ സുവർണ്ണ കഥകൾ, പ്രിയ കവിതകൾ, പ്രശസ്തരുടെ ജീവചരിത്രങ്ങൾ, കുട്ടികളുടെ സാഹിത്യം എന്നിവ പ്രസിദ്ധീകരിച്ച് പ്രസാധന രംഗത്ത് കാലുറപ്പിച്ചു.
ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച തൻറെ കവിതകളുടെ മലയാളം തർജ്ജുമ പ്രകാശനം ചെയ്യാൻ മുൻ പ്രധാനമന്ത്രി വി പി സിംഗ് തൃശ്ശൂരിൽ വന്നതും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീൻ തൻറെ രചനകളുടെ മലയാളം തർജ്ജുമ വിളംബരം ചെയ്യാൻ സംസ്ഥാന സർക്കാർ നൽകിയ വൻ സുരക്ഷയോടുകൂടി കേരളമൊട്ടാകെ സഞ്ചരിച്ചതും ഗ്രീൻ ബുക്സിനെ പുസ്തകപ്രേമികളുടെ ശ്രദ്ധാകേന്ദ്രമാക്കി.
ഗ്രീൻ ബുക്സിൻറെ പ്രസിദ്ധീകരണ ചരിത്രത്തിലെ നാഴികക്കല്ല് എന്നു പറയാവുന്നത് ബെന്യാമിൻറെ ‘ആടു ജീവിത ‘ത്തിൻറെ പ്രകാശനമാണ്. പ്രസാധന രംഗത്ത് ചരിതം സൃഷ്ടിച്ച ആ കൃതിയുടെ രണ്ടുലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയത്.













